കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് ; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: ശക്തമായ മഴയില്‍ ( kerala rain) കോഴിക്കോട്ടും ആലുവയിലും റെയില്‍വ ട്രാക്കിലേക്ക് മരം വീണ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു.

ചെന്നൈ- മംഗളൂരു, കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം മംഗള എക്‌സ്പ്രസ്, ഗുരുവായൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്, അമൃത്സര്‍- കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് വൈകി ഓടുന്നത്.

ഇന്നലെ കോഴിക്കോട് നല്ലളത്ത് റെയില്‍വേ ട്രാക്കിലേക്ക് മൂന്ന് മരങ്ങളാണ് കടപുഴകി വീണത്. ഇതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം താളം തെറ്റിയത്. ജാംനഗര്‍ എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുന്‍പാണ് അപകടം ഉണ്ടായത്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ നഷ്ടമായി. പ്രദേശത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. ചില വീടുകളുടെ മേല്‍ക്കൂരയിലുള്ള ഷീറ്റുകള്‍ തകര്‍ന്ന് റെയില്‍വേ ട്രാക്കില്‍ വീണു. റെയില്‍വേയുടെ സ്ഥലത്തുള്ള മരങ്ങള്‍ തന്നെയാണ് കടപുഴകി വീണത്. ട്രാക്കില്‍ വീണ മരങ്ങള്‍ മുറിച്ചുമാറ്റി പ്രശ്‌നം പരിഹരിച്ചെങ്കിലും സമയക്രമം തെറ്റിയതിനാലാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.    

ആലുവയില്‍ അമ്പാട്ടുകാവിലാണ് റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അങ്കമാലിയിലും തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകളും എറണാകുളത്തും ഇന്നലെ പിടിച്ചിട്ടു. ശക്തമായ കാറ്റില്‍ ആല്‍ കടപുഴകി വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!