പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; വനിത വ്‌ളോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വനിത ട്രാവല്‍ വ്‌ളോഗര്‍ അറസ്റ്റില്‍. ഹരിയാന ഹിസര്‍ സ്വദേശി ജ്യോതി മല്‍ഹോത്രയാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് വ്‌ളോഗര്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയും മുന്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ട്രാവല്‍ വിത്ത് ജോ’ എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യുട്യൂബ് അക്കൗണ്ടിന്റെ പേര്.

ജ്യോതിക്ക് പുറമെ പഞ്ചാബ് സ്വദേശിനി ഗുസാല, യാമീന്‍ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദര്‍ സിങ് ധില്ലണ്‍, അര്‍മാന്‍ തുടങ്ങിയവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍ എന്നാണ് റിപ്പോര്‍ട്ട്. ഒഫീഷ്യല്‍ സീക്രട്ട് ആക്ടിലെ (1923) 3, 5 വകുപ്പുകള്‍ അനുസരിച്ചും ഭാരതീയ ന്യായ സംഹിത 152 അനുസരിച്ചുമാണ് ജ്യോതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്‌ളോഗര്‍ ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് ദിവസത്തെ റിമാന്‍ഡില്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി ജ്യോതിയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. 2023ല്‍ ജ്യോതി രണ്ട് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് അലി എഹ്വാന്‍ എന്നയാള്‍ മുഖേന പാകിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥരായ ഷാകിര്‍, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെട്ടിരുന്നു എന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജ്യോതിയെ പാക് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയതില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഇടപെട്ടിരുന്നു എന്ന് ജ്യോതി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെട്ടിക്കുറച്ച സമയത്ത് രാജ്യം വിടാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് ഡാനിഷ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!