തിരുവനന്തപുരം : മദ്യലഹരിയില്‍ ബൈക്കിലെത്തി സ്‌കൂള്‍ കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തമിഴ്‌നാട് നിദ്രവിള സ്വദേശിയായ സെല്‍വന്‍ (35) ആണ് പിടിയിലായത്.
വെള്ളറട കാരക്കോണത്ത് വച്ച് വൈകീട്ടാണ് സംഭവം. ഇയാളെ പ്രദേശവാസികള്‍ വെള്ളറട പൊലീസില്‍ ഏല്‍പ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയ്ക്കാണ് ബൈക്കിലെത്തിയ സെല്‍വന്‍ കുട്ടികളെ പിന്തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
യുവാവ് ബൈക്കില്‍ പിന്നാലെ എത്തിയതോടെ ഭയന്ന് നിലവിളിച്ച കുട്ടികള്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. വിവരം അറിഞ്ഞ് സമീപത്തുള്ളവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സെല്‍വന്‍ ബൈക്കുമായി രക്ഷപ്പെട്ടു. എന്നാല്‍ വണ്ടിത്തടം ജംഗ്ഷനില്‍ വച്ച് നാട്ടുകാര്‍ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.