‘ഒടുവില്‍ സമാധാനം’; ഇന്ത്യ- പാകിസ്ഥാന്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനു ശമനം. ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 3.35നു പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യന്‍ ഡിജിഎംഒയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന് 5 മുതല്‍ ഇരു പക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്തുമെന്ന ധാരണയിലെത്തി. ഈ മാസം 12നു 12.00 മണിക്കു ഇരു ഡിജിഎംഒ മാരും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മിശ്രി കൂട്ടിച്ചേര്‍ത്തു.

വെടിനിർത്തൽ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തി. അദ്ദേഹം എക്സ് കുറിപ്പിലൂടെയാണ് വെടിനിർത്തൽ നടപ്പിലായതായി വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും വെടിവയ്പ്പും സൈനിക നടപടിയും നിർത്താനുള്ള ധാരണയിൽ എത്തി. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരെയുമുള്ള ഇന്ത്യയുടെ നിലപാട് അങ്ങനെ തന്നെ തുടരും- വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ എക്സിലൂടെ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പൂര്‍ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയുടെ സ്ഥിരീകരണവും വന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വെടിനിര്‍ത്തലില്‍ ഇല്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

‘അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂര്‍ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സാമാന്യബോധവും വിവേകവും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദങ്ങളും നന്ദിയും’- എന്നായിരുന്നു ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!