കോൺക്രീറ്റ് ജോലികൾക്കിടെ പൊടുന്നനെ ഭീമൻ മരം കടപുഴകി വീണു; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

കോഴിക്കോട് : റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടെ അതിഥി തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു. നാല് പേര്‍ക്ക് പരിക്ക്. കോഴിക്കോട് മുക്കം മരഞ്ചാട്ടി റോഡില്‍ കുമാരനെല്ലൂരിലാണ് അപകടമുണ്ടായത്. ബംഗാള്‍ സ്വദേശികളായ 42 കാരൻ മുഹമ്മദ് നൂറുല്‍ ആലം, 27 കാരനായ ബാബു, 20 കാരനായ ജമാല്‍, ലുഖ്മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേർക്കും നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്. അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നോടെയാണ് അപകടമുണ്ടായത്. റോഡിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരം വീണതിനെ തുടര്‍ന്ന് ഹൈ ടെന്‍ഷന്‍ ലൈനിലും കേടുപാടുകളുണ്ടായി. ഭിന്നശേഷിക്കാരനായ യൂസഫിന്റെ പെട്ടിക്കടയ്ക്ക് തൊട്ടടുത്തായാണ് മരം പതിച്ചത്. സംഭവസ്ഥലത്ത് എത്തിയ മുക്കം അഗ്നിരക്ഷാ സേന, സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാം, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഷുക്കൂര്‍, ഫയര്‍ ഓഫീസര്‍മാരായ സനീഷ് പി ചെറിയാന്‍, വൈ പി ഷറഫുദ്ദീന്‍, സി വിനോദ്, എം കെ അജിന്‍, ഹോം ഗാര്‍ഡായ ചാക്കോ ജോസഫ് തുടങ്ങിയവരും കെ എസ് ഇ ബി ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!