ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും കൂടുതല്‍ വായ്പകള്‍ തേടി പാകിസ്ഥാന്‍. പാക് സര്‍ക്കാരിന്റെ സാമ്പത്തിക വിഭാഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
‘ശത്രു വരുത്തിവെച്ച കനത്ത നാശനഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര പങ്കാളികളോട് കൂടുതല്‍ വായ്പകള്‍ക്കായി അഭ്യര്‍ത്ഥിക്കുന്നു. സംഘര്‍ഷം രൂക്ഷമാകുകയും ഓഹരി വിപണിയിലെ തകര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. സംഘർഷം കുറയ്ക്കാൻ ഇടപെടണം..’ സര്‍ക്കാര്‍ എക്‌സില്‍ അഭ്യര്‍ത്ഥിച്ചു.
പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ നിലവില്‍ പ്രതിസന്ധിയിലാണ്. ഐഎംഎഫിന് പാകിസ്ഥാന്റെ കടം ഏകദേശം 8.8 ബില്യണ്‍ യുഎസ് ഡോളറാണ്. ഐഎംഎഫില്‍ നിന്നും കൂടുതല്‍ കടം വാങ്ങുന്ന നാലാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. ഓഹരി വിപണിയും തകര്‍ച്ചയിലാണ്. ഏപ്രില്‍ 23 മുതല്‍ പാകിസ്ഥാന്റെ ബെഞ്ച്മാര്‍ക്ക് കെഎസ്ഇ -100 സൂചിക 7,500 പോയിന്റിലധികം നഷ്ടം നേരിട്ടു. ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നത് പാകിസ്ഥാന്റെ വളര്‍ച്ചയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
