തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ; അധിക്ഷേപ പരാമർശത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

കോഴിക്കോട് : തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന് പരാമർശത്തിൽ സമസ്ത അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ പോലീസ് കേസ്. സാമൂഹ്യപ്രവർത്തക വി.പി സുഹറ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നൽകിയ പരാതിയിലാണ് മാസങ്ങൾക്കിപ്പുറം പോലീസ് നടപടി.


മതസ്പർദ്ധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 298 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഉടൻ തന്നെ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു കേസിന് ആസ്പദമായ പരാമർശം ഒമർ ഫൈസി നടത്തിയത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു പരാമർശം. തട്ടം, പർദ്ദ എന്നിവയെല്ലാം ഇസ്ലാമിക ആചാരത്തിന്റെ ഭാഗമാണ്. മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാൻ വിടില്ല. സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാത്തത് അഴിഞ്ഞാട്ടമായി കാണും. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികൾ ആണെന്നുമായിരുന്നു ഉമർ ഫൈസി പറഞ്ഞത്.


പരാമർശത്തിന് പിന്നാലെ തന്നെ ശക്തമായ പ്രതികരണവുമായി സുഹറ രംഗത്ത് എത്തിയിരുന്നു. പൊതുപരിപാടിയിൽ തട്ടം അഴിച്ച് സുഹറ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരാതി നൽകിയത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ മുൻപാകെ ആയിരുന്നു പരാതി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!