വാഴൂർ(കോട്ടയം): കുടുംബ ബന്ധങ്ങൾ നന്മയുള്ളതാകുമ്പോൾ വാനപ്രസ്ഥാശ്രമങ്ങൾ ഇല്ലാതാകുന്നു എന്ന് കേരളാ ഗവർണർ വിശ്വനാഥ അർലേക്കർ പറഞ്ഞു. പൗരാണികമായ അർത്ഥതലങ്ങളെല്ല വാനപ്രസ്ഥം എന്ന വാക്കിന് പുതുതലമുറയിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്നതെന്നും ഇന്നത്തെ സാഹചര്യത്തിൽ വാനപ്രസ്ഥാശ്രമത്തിന്റെ നിർവചനം മാറിയെന്നും വാഴൂർ പുണ്യം ട്രസ്റ്റിന്റെ വാനപ്രസ്ഥകേന്ദ്രം രണ്ടാംഘട്ട മന്ദിര സമർപ്പണം നിർവഹിച്ചു ഗവർണർ പറഞ്ഞു.
കുടംബ ബന്ധങ്ങൾ ആരോഗ്യപരമല്ലാതായ ഇന്നത്തെ സമൂഹത്തിന് പുണ്യം ട്രസ്റ്റിന്റെ വാനപ്രസ്ഥം ആവശ്യമായി വരികയാണ്. പ്രായമായവരെ സഹായിക്കാൻ ആരുമില്ലാതാകുന്ന അവസ്ഥയിൽ പുണ്യം ട്രസ്റ്റ് വലിയ സഹായമാണ് ആവുന്നത്. റിട്ടയർമെന്റിന് ശേഷം തന്നെ നോക്കാൻ കുട്ടികളോ മറ്റുകുടുംബാംഗങ്ങളോ ഇല്ലാതാകുമ്പോൾ അവർ ഇത്തരം ആശ്രമങ്ങൽ തേടി പോകേണ്ടി വരുന്നു. ഇത്തരം പ്രവണത നമ്മുടെ സമൂഹത്തിന് ഗുണം ചെയ്യുന്നതല്ല, ഭാരതീയ സമൂഹം കുടുംബ പ്രധാനമാണ്, അപ്പോൾ നമ്മൾ കുടുംബത്തിലെ എല്ലാവരെയും പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. പ്രായമായ നിരവധിപേർ ആരും നോക്കാനില്ലാതെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കാതെ കുട്ടികൾ അവരുടെ കുടുംബത്തിനൊപ്പം വിദേശത്തും മറ്റുമാണ്. മാതാപിതാക്കളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഇത് സമൂഹത്തിന് നല്ലതല്ല.

കുടുംബ ബന്ധങ്ങൾ നന്മയുള്ളതാകുമ്പോൾ വാനപ്രസ്ഥ കേന്ദ്രങ്ങൾ സമൂഹത്തിലില്ലാതാകുന്നു. നമ്മൾ സമൂഹത്തിന് വേണ്ടി എന്ത് ചെയ്യുന്നു എന്നത് സ്വയം ചിന്തിക്കണം. പ്രായമായവരെ സംരക്ഷിക്കുന്നതിലൂടെ സന്തോഷം കണ്ടെത്താൻ പുതുതലമുറ തയ്യാറാകണം. ഇന്ന് സമൂഹത്തിൽ അണുകുടുംബങ്ങൾ വർദ്ധിച്ചുവരുന്നു. അവർ മുതിർന്ന പൗരന്മാരുടെ സഹായികളായി മാറുന്നില്ല. അതിനാൽ വാനപ്രസ്ഥാശ്രമങ്ങളുടെ ആവശ്യകതയേറുകയാണ്. ഇതിന് പരിഹാരമാകേണ്ടത് സമൂഹത്തിലെ ഉണരുന്ന, യുക്തിപൂർവമായ ചിന്തകളുള്ള ജനങ്ങളുടെ പിന്തുണയാണ്. അതാണ് ഇവിടെ കാണുന്നത്.
പുണ്യം ട്രസ്റ്റിന്റെ വാനപ്രസ്ഥാശ്രമ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. എങ്കിലും ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ സമൂഹത്തിൽ വർധിച്ചു വരാതിരിക്കുവാനുള്ള ജാഗ്രത ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംഘം അതിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ ഡോക്ടർജിയുടെയും ഗുരുജിയുടെ വാക്കുകൾ പിന്തുടരുന്ന സംഘ പ്രവർത്തകർ സമൂഹത്തിന് വേണ്ടി കൂടുതൽ സമയം ജീവിക്കാൻ തയ്യാറാകുകയാണ്. ഗുരുജിയും ഡോക്ടർജിയും ഒരിക്കൽ പോലും സംഘത്തെ ആഘോഷിക്കപ്പെടണമെന്ന് അവർ പറഞ്ഞിട്ടില്ല. സമൂഹത്തിന് വേണ്ടി ഉതകുന്നതാണ് സംഘ പ്രവർത്തം. അല്ലാതെ ആഘോഷിക്കപ്പെടേണ്ട ഒന്നല്ല. എല്ലാം രാഷ്ടത്തിനും സമൂഹത്തിനും വേണ്ടിയാണ് എന്നാണ് അവർ പറഞ്ഞത്. 100-ാം വാർഷികത്തിൽ നമുക്കിടയിൽ നല്ല കുടുംബ ബന്ധങ്ങൾ ഉണ്ടാക്കാനുള്ള പരിശ്രമങ്ങൾ ഉണ്ടാവണമെന്നും ഗവർണർ പറഞ്ഞു.

നേർവഴിക്ക് ചിന്തിക്കുന്ന മനുഷ്യരും ധർമ്മബോധമുള്ള സമൂഹവുമാണ് ഉണ്ടാകേണ്ടത്. നമ്മളിൽ ഓരോരുത്തരുടെയും കുടുംബത്തിൽ നിന്നു തന്നെയാണ് ഇതിന് മാറ്റം വരുത്തേണ്ടത്. അത് സമൂഹത്തിലേക്കേ് വ്യാപിപ്പിക്കുകയും ചെയ്യണം. കുടുംബം നന്നായാൽ സമൂഹവും നന്നാവുമെന്നും ഗവർണർ വ്യക്തമാക്കി.

സ്വാഗത സംഘം ചെയർമാൻ അഡ്വ. ജി രാമൻ നായർ അദ്ധ്യക്ഷനായി. വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തി. മാതൃസമിതിയുടെ യോഗ കൗൺസിലിംഗ് കേന്ദ്രം ഉദ്ഘാടനം എസ്.എൻ ട്രസ്സ് എക്സിക്യൂട്ടീവ് മെമ്പർ പ്രീതി നടേശൻ നിർവഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുണ്യം ഭവനദാന പദ്ധതി ആദ്യവീടിനുള്ള ഭൂദാനം ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശൻ നിർവഹിച്ചു. ഗവർണർക്കുള്ള പുണ്യംട്രസ്റ്റിന്റെ ഉപഹാരം മാനേജിംഗ് ട്രസ്റ്റി ആർ. അനിൽകുമാർ സമർപ്പിച്ചു. പുണ്യം ഭവനദാന പദ്ധതിപ്രകാരമുള്ള ആദ്യ വീടിന്റെ ശിലാന്യാസം ആർഎസ്എസ് വിഭാഗ് സംഘചാലക് പി പി ഗോപിയും മാനേജിംഗ് ട്രസ്റ്റി ആർ. അനിൽകുമാറും ചേർന്ന് നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി രാജീവ് ബി സ്വാഗതവും പ്രവർത്തന വിശദീകരണവും പറഞ്ഞു.
