ജയ്പൂര്‍: രാജസ്ഥാനില്‍ ദളിതനായ 19 കാരനെ രണ്ട് പുരുഷന്‍മാര്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി. ഏപ്രില്‍ എട്ടിന് സിക്കാറിലെ ഫത്തേപൂരിലാണ് സംഭവം. കുടുംബം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഏപ്രില്‍ 16 ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇരയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഏപ്രില്‍ 8ന് വിവാഹ ഘോഷയാത്ര കാണാനെത്തിയ യുവാവിനെ രണ്ട് പേര്‍ ജോലി ചെയ്യാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി.
മദ്യ ലഹരിയിലാണ് ഇവര്‍ ഉണ്ടായിരുന്നതെന്നും കുപ്പി കൊണ്ട് അടിക്കുകയും യുവാവിന്റെ ദേഹത്തേയ്ക്ക് മൂത്രമൊഴിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. പ്രതികള്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് നല്‍കിയ മൊഴിയിലുണ്ട്.
