അയോദ്ധ്യ: പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകൾ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക.
പരമ്പരാഗത നാഗരിക ശെെലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. കിഴക്ക് പടിഞ്ഞാറ് ദിശയിലായി 380 അടി നീളത്തിലും, 250 അടി വീതിയിലും, 161 അടി ഉയരത്തിലും ആണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ഉത്ഭവിച്ച ക്ഷേത്ര വാസ്തുവിദ്യയുടെ ഒരു ശൈലിയാണ് നാഗര വാസ്തുവിദ്യ. ഈ ക്ഷേത്രങ്ങൾക്ക് മുകളിൽ കലശത്തോട് കൂടിയ ശിഖരസ് എന്നറിയപ്പെടുന്ന ഉയരമുള്ള പിരമിഡൽ ഗോപുരങ്ങളുണ്ടാകും. ക്ഷേത്രങ്ങളുടെ തൂണുകൾ സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ചിരിക്കും. ചുമരുകളും വിവിധ ശിൽപ്പങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.
രാമക്ഷേത്രത്തിന് 20 അടി വീതം ഉയരമുള്ള മൂന്ന് നിലകളാണുള്ളത്. ഇവയ്ക്ക് ആകെ 392 തൂണുകളും 44 വാതിലുകളും ഉണ്ട്. ശ്രീരാമ ദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലാണ് ഗർഭഗൃഹം. ഇവിടെ ഭഗവാൻ ശ്രീരാമന്റെ ബാല്യരൂപത്തിലുള്ള (രാം ലല്ല) രൂപമാണ് പ്രതിഷ്ഠിക്കുക. ആദ്യ നിലയിൽ ശ്രീരാമ ദർബാറും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ നൃത്ത മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളാണ് ഉണ്ടായിരിക്കുക.
ദേവന്മാരുടെയും ദേവതമാരുടെയും രൂപങ്ങൾ തൂണുകളിലും വാതിലുകളിലും കൊത്തിവച്ചിട്ടുണ്ട്. കിഴക്ക് ദിശയിൽ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. 32 പടികളും ദിവ്യാംഗർക്കും വയോധികർക്കുമായി ലിഫ്റ്റ് സൗകര്യങ്ങളും ക്ഷേത്രത്തിൽ സജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് 732 മീറ്റർ നീളവും 14 അടി വീതിയുമുണ്ടാകും.
ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ നാല് കോണുകളിലായി നാല് മണ്ഡപങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ സൂര്യ ദേവൻ, ഭഗവതി, ഗണപതി, ശിവൻ എന്നിവരുടെ പ്രതിഷ്ഠകളാകും നടക്കുക. വടക്കേ ഭുജത്തിൽ അന്നപൂർണയുടെ മന്ദിരവും തെക്കേ ഭുജത്തിൽ ഹനുമാന്റെ മന്ദിരവുമാണ് ഉണ്ടാകുക.
ക്ഷേത്രത്തിന് സമീപം പുരാതന കാലഘട്ടത്തിലെ ചരിത്രപരമായ കിണർ (സീത കൂപ്പ്) ഉണ്ട്. ക്ഷേത്ര സമുച്ചയത്തിൽ, മഹർഷി വാല്മീകി, മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യൻ, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവർക്കായി സമർപ്പിക്കപ്പെട്ട മന്ദിരങ്ങൾ ഉണ്ട്.