മുള്ളൻപന്നിയെ കൊന്ന് കറിവെച്ചു; ബാക്കിയായത് കാറിൽ കടത്താൻ ശ്രമം; ഏഴ് പേർ അറസ്റ്റിൽ

ഇടുക്കി : മുള്ളൻപന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസിൽ എസ്റ്റേറ്റ് മനേജറും വിനോദസഞ്ചാരികളും ഉൾപ്പെടെ ഏഴ് പേർ പിടിയിൽ.

നാല് പേർ തലക്കോട് ചെക്പോസ്റ്റിലും മൂന്ന് പേർ ശാന്തൻപാറയിലുമാണ് പിടിയിലായത്. പുതുവത്സര ദിനത്തിൽ ഇടുക്കി ശാന്തൻപാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ രാത്രിയാണ് മുള്ളൻപന്നിയെ വെടിവെച്ചു കൊന്നത്.

എസ്റ്റേറ്റിലെത്തിയ തിരുവനന്തപുരം സ്വദേശികൾ ഇറച്ചി പാകം ചെയ്‌തു കഴിക്കുകയും ചെയ്തു. ബാക്കി വന്ന ഇറച്ചി കാറിൽ കടത്തുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം തലക്കോട് ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കുടുങ്ങുകയായിരുന്നു. ഇവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്‌തു.

അറസ്റ്റിലായവർ

ഇവരിൽ നിന്നും ഒരു കിലോയോളം ഇറച്ചി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം സ്വദേശികളായ അസമുദീൻ, അസ്‌ലം റസൂൽഖാൻ, കെഎം ഇർഷാദ്, തിരുവല്ല സ്വദേശി രമേശ്‌കുമാർ എന്നിവരാണ് തലക്കോട് ചെക്‌‍പോസ്റ്റിൽ വെച്ച് പിടിയിലായത്.

എസ്റ്റേറ്റ് മനേജർ പീരുമേട് സ്വദേശി പിജെ ബീന, ശാന്തൻപാറ സ്വദേശികളായ മനോജ്, വർഗീസ് എന്നിവരെ ദേവികുളം റേഞ്ച് ഓഫീസറെത്തിയാണ് അറസ്റ്റ് ചെയ്‌തത്. മുള്ളൻപന്നിയെ വെടിവെച്ച കൊന്ന രാജാക്കാട് സ്വദേശി ബിബിനും കൂട്ടാളിയും ഒളിവിലാണ്.

കഴിഞ്ഞ ഏപ്രിൽ മുതൽ വന്യജീവി സംരക്ഷണ നിയമപ്രകാരം മുള്ളൻപന്നിയെ ഷെഡ്യൂൾഡ് ഒന്നിൽ ഉൾപ്പെടുത്തിയതിനാൽ ഏഴ്‌ വർഷം വരെ തടവു ലഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!