വിവാദങ്ങള്‍ക്കിടെ എംപുരാന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാലിന്റേയും നിര്‍മാതാക്കളായ ആശീര്‍വാദിന്റേയും ഗോകുലത്തിന്റേയും പേര് ഒഴിവാക്കിയാണ് പൃഥ്വിരാജിന്റെ പുതിയ പോസ്റ്റര്‍. ഈ പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവച്ചിട്ടുമില്ല.
അതേസമയം, വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ നാളെ പ്രദര്‍ശനത്തിന് എത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങള്‍ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉള്‍പ്പെടെ പൂര്‍ത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്‌റംഗിയുടെ പേര് ബല്‍രാജ് എന്ന് തിരുത്തിയേക്കും.
ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ഉണ്ടായെങ്കിലും പിന്നീടുള്ള ചര്‍ച്ചയില്‍ നിര്‍ണായകദൃശ്യങ്ങള്‍ മാത്രം ഒഴിവാക്കാര്‍ തീരുമാനമാകുകയായിരുന്നു . എംപുരാനെ ചൊല്ലിയുള്ള വിവാദത്തില്‍ നടന്‍ മോഹന്‍ലാലിന്റെ ഖേദം പ്രകടിപ്പിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് സംവിധായകന്‍ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും സൈബര്‍ ആക്രമണം രൂക്ഷമാണ്.