ഈ ‘നെഗറ്റീവ്’ ബിജെപിക്ക് ഗുണം ചെയ്യും; പണ്ട് മോദിയെക്കുറിച്ച്‌ എന്തെല്ലാം പറഞ്ഞു? എന്നിട്ടെന്തായി? എമ്പുരാനെക്കുറിച്ച്‌ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച്‌ കേന്ദ്രമന്ത്രി ജോർ‌ജ് കുര്യൻ. സിനിമ ബഹിഷ്കരിക്കുകയെന്നൊരു നിലപാട് ബിജെപി നേതൃത്വം സ്വീകരിച്ചിട്ടില്ലെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.

ഈ വിഷയത്തില്‍ എംടി രമേശ് പറഞ്ഞതാണ് ബിജെപിയുടെ നിലപാട്. അത് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പിന്തുണയ്‌ക്കുകയും ചെയ്തു. നിലവിലുള്ള വിവാദങ്ങള്‍ ബിജെപിക്ക് ഗുണമേ ചെയ്യൂവെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എമ്പുരാൻ സിനിമ കണ്ടിട്ടില്ല. സിനിമ കാണാനാണ് തീരുമാനം. എല്ലാവരും കാണണമെന്നാണ് പറയാനുള്ളത്. സിനിമയ്‌ക്കെതിരെ ഇപ്പോള്‍ ഉയർന്നിരിക്കുന്ന ‘എതിർപ്പ്’, അതാണ് ആ സിനിമ കൂടുതല്‍ ആളുകളെ കാണാൻ പ്രേരിപ്പിക്കുന്നത്. എമ്പുരാൻ നല്ലതാണ് എന്ന അഭിപ്രായം മാത്രമാണ് വന്നിരുന്നതെങ്കില്‍ ആരെങ്കിലും ഇത്ര ആവേശം കാണിക്കുമോ? മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹൻലാല്‍ എത്തിയത്. അതില്‍ വില്ലൻ കഥാപാത്രമായിരുന്നു മോഹൻലാലിന്റേത്. വലിയ നടനായി പിന്നീട് മാറിയ മോഹൻലാല്‍ നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തില്‍ എത്തിയത് അതിനുശേഷമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാൻ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്. ഒരു സൂപ്പർതാരത്തെപ്പോലെ ബിജെപി ഉദിച്ചുയരും.

എല്ലാ വീടുകളിലും ബിജെപിയെക്കുറിച്ച്‌ ചർച്ചകള്‍ ഉണ്ടാകും. എമ്പുരാൻ കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച്‌ ചർച്ച ചെയ്യും. രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളില്‍ മോദിയെക്കുറിച്ച്‌ എന്തായിരുന്നു പറഞ്ഞിരുന്നത്? അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ മോദി ഈ ഉയരത്തില്‍ എത്തുമായിരുന്നോ? ഉയരങ്ങളിലേക്ക് ബിജെപി എത്തും. അതിനുവേണ്ടി എല്ലാ വീടുകളിലും എമ്ബുരാനെ കുറിച്ച്‌ ചർച്ച ചെയ്യണം. – ജോർജ് കുര്യൻ പ്രതികരിച്ചു.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളീഗോപി തിരക്കഥയെഴുതിയ എമ്ബുരാനില്‍ മോഹൻലാലും പൃഥ്വിരാജുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഗോധ്രാനന്തര കലാപത്തെ ആവിഷ്കരിച്ച രീതി ഏകപക്ഷീയമാണെന്ന വിമർശനത്തിന് പിന്നാലെ വിവാദം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി നേതാക്കള്‍ ഔദ്യോഗിക നിലപാട് അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!