എറണാകുളം : ലഹരി ഇടപാട് കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കും കച്ചവടക്കാർക്കുമിടയില്‍ ‘തുമ്ബിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീർ ഹുസൈല്‍ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
2023 ഒക്ടോബറിലാണ് കലൂർ സ്റ്റേഡിയം പരിസരത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 350 ഗ്രാം എം.ഡി.എം.എ. സഹിതം സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. ഹിമാചല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവർക്ക് ലഹരി എത്തിച്ചുനല്‍കിയിരുന്നത്. വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്.
ഹിമാചല്‍ സംഘം വാട്സാപ്പില്‍ നല്‍കുന്ന അടയാളം പിന്തുടർന്ന് കൊച്ചിയിലുള്ളവർ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും. സൂസിയും സംഘവും നഗരത്തിലെ ഏജന്റുമാർക്കാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്.
