തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക രാജീവ് ചന്ദ്രശേഖർ സമർപ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം നാളെ 11 മണിയോടെ ഉണ്ടാകം. നാമനിർദ്ദേശപത്രിക സമർപ്പിച്ചത് രാജീവ് ചന്ദ്രശേഖർ മാത്രമാണ്.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത് ഐക്യകണ്ഠേനയാണെന്ന് നേതാക്കൾ പറഞ്ഞു. സുരേഷ് ഗോപി, വി മുരളീധരൻ, കെ സുരേന്ദ്രൻ, എം ടി രമേശ്, ശോഭാസുരേന്ദ്രൻ എന്നിവരും നാമനിർദ്ദേശപത്രിക ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഔദ്യോഗികമായി പറയേണ്ടത് സംസ്ഥാന വരണാധികാരിയാണെന്ന് കെ.സുരേന്ദ്രൻ. ഇത്തരം കാര്യങ്ങൾ ഔദ്യോഗികമായി പറയേണ്ടയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസർ നാരായണൻ നമ്പൂതിരി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് പാർട്ടി സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനവും വിളിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
