പമ്പ : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പ ഹിൽടോപ്പ് പാർക്കിംഗ് ഏരിയ കെഎസ്ആർടിസി കയ്യടക്കിയതായി പരാതി. ടാക്സി ഡ്രൈവറായ ഉണ്ണികൃഷ്ണൻ മറ്റക്കര ആണ് ദേവസ്വം ബോർഡ് കമ്മീഷണർ, എഡിജിപി തുടങ്ങിയവർക്ക് പരാതി നൽകിയിരിക്കുന്നത്.
2024 നവംബറിൽ ഹൈക്കോടതി ഉത്തരവുപ്രകാരം ചെറുവണ്ടികൾക്ക് ചക്കുപാലം -2 ലും ഹിൽടോപ്പിലും പാർക്ക് ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. 20 ബസ്സുകൾക്ക് മാത്രമേ ഹിൽടോപ്പിൽ പാർക്ക് ചെയ്യാൻ അനുമതി നൽകിയിട്ടുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം ഹിൽടോപ്പിൽ മുപ്പതിലധികം കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്തതോടെ ചെറിയ വണ്ടികൾക്ക് പാർക്കിങ്ങിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹിൽടോപ്പിൽ 20ൽ കൂടുതൽ ബസുകൾ പാർക്ക് ചെയ്യാൻ കെഎസ്ആർടിസി അനുമതി ചോദിച്ചിരുന്നു എങ്കിലും കോടതി നൽകിയില്ല. ചക്കുപാലത്ത് കെഎസ്ആർടിസിക്ക് പാർക്ക് ചെയ്യാൻ ഒരേക്കറിൽ കൂടുതൽ സ്ഥലമുണ്ട്. ഇത് നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്നു കെഎസ്ആർടിസി ബസ്സുകൾ ഹിൽടോപ്പിൽ പാർക്ക് ചെയ്തത്. ചെറുവാഹനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുന്ന ഈ നടപടി കോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് പരാതിയിൽ പറയുന്നു.
ഇതിനിടെ നിലയ്ക്കലും പമ്പയിലും ഭക്തജനങ്ങൾക്ക് ശൗചാലയത്തിലും മറ്റും ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്. എല്ലാ മലയാളമാസവും നടതുറക്കുമ്പോൾ ശൗചാലയങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥയാണെന്നും പറയപ്പെടുന്നു.