ബെംഗളൂരു: 76-കാരിയെ പറ്റിച്ച്, അക്കൗണ്ടില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും ഉള്‍പ്പടെ നാല് പേർ അറസ്റ്റില്‍.
ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഗിരിനഗർ ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജർ 31കാരി മേഘ്ന പി വി, കാമുകൻ ശിവപ്രസാദ്, അൻവർ ഘോസ്, വരദരാജ് എന്നിവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ വ്യക്തമാക്കുന്നു. പരാതിക്കാരിയായ സാവിത്രയമ്മയുടെയും ഭർത്താവിന്റെയും ജോയിന്റ് അക്കൗണ്ടില്‍ നിന്നാണ് ഇവർ പണം തട്ടിച്ചെടുത്തത്. ബാങ്കിലെത്തുന്ന വയോധികയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതും വേണ്ട സഹായം നല്‍കിയിരുന്നതും മേഘ്നയായിരുന്നു.
ഇങ്ങനെ വിശ്വാസം ആർജ്ജിച്ച ശേഷമാണ് തട്ടിപ്പ്. സ്യകാര്യ വിവരങ്ങളടക്കം കൈവശപ്പെടുത്തിയ യുവതി വയോധികയുടെ അക്കൗണ്ടില്‍ വീട് വില്പന നടത്തിയതിന്റെ ഒരു കോടി രൂപ എത്തിയത് മനസിലാക്കി. ഈ തുക എഫ്.ഡി ഇടാനെന്ന പേരില്‍ ആർടിജിഎസ് രേഖകളിലും ബ്ലാങ്ക് ചെക്കിലും വയോധികയുടെ ഒപ്പ് ശേഖരിച്ചു. ശേഷം അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഫെബ്രുവരി 14ന് ആർടിജിഎസ് ഉപയോഗിച്ച് 50 ലക്ഷം രൂപ കാമുകന്റെ സഹായത്തോടെ തുടങ്ങിയ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഇതില്‍ നിന്ന് 30 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.
76കാരിയുടെ മകൻ അമ്മയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സാമ്ബത്തിക തിരിമറി തിരിച്ചറിഞ്ഞത്. ഇയാള്‍ ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ യുവതി ഉരുണ്ടുകളിച്ചു. തുടർന്ന് വയോധിക ചെക്കിലടക്കം ഒപ്പിട്ട കാര്യങ്ങള്‍ മകനോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇവർ സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. മാർച്ച് മൂന്നിന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മേഘ്നയെ കേരളത്തില്‍ നിന്നും ശിവപ്രസാദിനെ ബെംഗളൂരുവില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്ത്. മറ്റു രണ്ട് പേരെ അങ്കോളയില്‍ നിന്നും പിടികൂടി. ഇവരെ ജുഡ്യീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
76-കാരിയെ പറ്റിച്ച് തട്ടിയത് അരക്കോടി, ബാങ്ക് മാനേജരും കാമുകനും പിടിയില്‍, യുവതിയെ പൊക്കിയത് കേരളത്തില്‍ നിന്ന്…
