ഗ്രാമ്പിയില്‍ നിന്നും വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ അരണക്കല്ലിലെ എസ്റ്റേറ്റിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടിയ കടുവ ചത്തു. മയക്കുവെടി ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചാടി വീണ കടുവയെ വെടിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കടുവ ചത്തത് എന്നാണ് ലഭിക്കുന്ന വിവരം. മയക്കുവെടി വെച്ച ശേഷം കടുവ മയങ്ങാന്‍ കാത്തിരുന്നെ ങ്കിലും കടുവ മയങ്ങിയില്ല.

ഇതിനിടെ  ദൗത്യസംഘാംഗങ്ങള്‍ക്ക് നേരെ ചാടി വീണതോടെ സ്വയം രക്ഷാര്‍ഥം വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് കടുവയെ തേക്കടിയിലേക്ക് മാറ്റിയ ശേഷം മരണം സ്ഥിരീകരിക്കുകായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാലിന് പരിക്കേറ്റ കടുവ പ്രദേശത്ത് നായയെയും പശുവിനെയും കടിച്ചുകൊന്നത്. ഇതോടെയാണ് രാവിലെ വെറ്ററിനറി സംഘം അരണക്കല്ലില്‍ എത്തി സ്ഥലപരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വെറ്ററിനറി സംഘം കടുവയെ മയക്കുവെടി വെച്ചത്. പത്ത് മിനിട്ടോളമെടുത്തതിനുശേഷം കടുവയുടെ അടുത്തെത്തിയപ്പോള്‍ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചാടി വീഴുകയായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥര്‍വെടിയുതിര്‍ത്തത്.

ഇന്നലെ പകല്‍ മുഴുവന്‍ കടുവയെ മയക്കുവെടി വയ്ക്കാന്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനായി പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നുളള പ്രത്യേക സംഘവും എത്തിയിരുന്നു. സ്ഥലവാസിയായ നാരായണന്റെ പശുവിനെയും ബാല മുരുകന്‍ എന്നയാളുടെ നായയെയുമാണ് കടുവ പിടിച്ചത്. ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതിന്റെ ആശങ്കയിലായിരുന്നു പ്രദേശവാസികള്‍. കടുവ ചത്തതോടെ പ്രദേശ വാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.

ഗ്രാമ്പിയില്‍ ഇറങ്ങിയ അതേ കടുവയാണെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഗ്രാമ്പിയില്‍ കടുവയെ കണ്ടതിനാല്‍ മൂന്ന് സംഘമായി തിരിഞ്ഞ് തെരച്ചില്‍ നടത്തിയിരുന്നു. ആദ്യ രണ്ട് സംഘത്തില്‍ സ്‌നിഫര്‍ ഡോഗും വെറ്റിനറി ഡോക്ടര്‍മാരുമാണ് ഉണ്ടായിരുന്നത്.

ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് അരണക്കല്ലില്‍ കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടിച്ചത്. ഗ്രാമ്പി എസ്റ്റേറ്റ് ആറാം നമ്പര്‍ ഫാക്ടറിക്ക് സമീപമായിരുന്നു കടുവ ഇറങ്ങിയത്. ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശത്ത് തേയില തോട്ടത്തിനരികില്‍ നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!