തിരുവനന്തപുരം: കളമശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കേസില്‍ എസ് എഫ് ഐയും കെ എസ് യുവും പരസ്പര ആരോപണം തുടരുന്നതിനിടെ അറസ്റ്റിലായവര്‍ കേസില്‍ പങ്കുള്ളവര്‍ തന്നെയാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും പൊലീസ്. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയെ കുടുക്കിയെന്ന എസ് എഫ് ഐ ആരോപണം തള്ളിയ പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ അടക്കം അറിയിച്ചാണ് റെയ്ഡ് നടത്തിയതെന്നും വ്യക്തമാക്കി
ഹോസ്റ്റലില്‍ മറ്റു കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. നിലവില്‍ പിടിയിലായവര്‍ക്ക് കേസുമായി കൃത്യമായ ബന്ധമുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം കേസില്‍ പങ്കുണ്ടെന്നും കോളേജ് അധികാരികളെ രേഖാമൂലം അറിയിച്ച ശേഷമാണ് പരിശോധന നടന്നതെന്നും തൃക്കാക്കര എസിപി ബേബി വിശദീകരിച്ചു. കളമശേരി പോളീടെക്‌നിക്കില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അര്‍ദ്ധരാത്രി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ട് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അടക്കം മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.
ഹോസ്റ്റല്‍ അരിച്ചു പെറുക്കിയുള്ള പരിശോധകള്‍ക്കൊടുവിലാണ് മൂന്ന് വിദ്യാര്‍ത്ഥകളെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ് എഫ് ഐ നേതാവും പോളിടെക്‌നിക്ക് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ കരുനാഗപള്ളി സ്വദേശി അഭിരാജ്, അഭിരാജിന്റെ മുറിയില്‍ താമസിക്കുന്ന ആദിത്യന്‍, താഴെ നിലയില്‍ താമസിക്കുന്ന ആകാശ് എന്നിവരാണ് പിടിയിലായത്. അഭിരാജിന്റെയും ആദിത്യന്റെയും മുറിയില്‍ നിന്ന് 9.70 ഗ്രാം കഞ്ചാവും ആകാശിന്റ മുറിയില്‍ നിന്ന് രണ്ട് കിലോയ്ക്ക് അടുത്ത് കഞ്ചാവുമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് വിശദീകരിച്ചു. റെയ്ഡില്‍ അളവ് തൂക്ക ഉപകരണവും, കഞ്ചാവ് വലിക്കുന്ന ഉപകരണവും, മദ്യ കുപ്പികളും പിടിച്ചെടുത്തതായും അന്വേഷണ സംഘം വിശദീകരിച്ചു.
രാവിലെയോടെ രണ്ട് എഫ്‌ഐആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 9.70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിന് അഭിരാജിനെയും ആദിത്യനെയും പ്രതിയാക്കി ഒരു കേസും 2 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തതിന് ആകാശിനെ മാത്രം പ്രതിയാക്കി മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. 9.70 ഗ്രാം മാത്രം കൈവശം വച്ച കേസ് ആയതിനാല്‍ അഭിരാജിനെയും ആദിത്യനെയും 9 മണിയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.. ഹോസ്റ്റലില്‍ റെയ്ഡ് നടന്നത് അപ്രതീക്ഷിതമായാണെങ്കിലും അതിശയമില്ലെന്നാണ് പോളീടെക്‌നിക്ക് പ്രിന്‍സിപ്പാള്‍ പറയുന്നത്. മാസങ്ങളായി കലാലയത്തില്‍ ലഹരി വിരുദ്ധ പോരാട്ടം നടക്കുകയാണെന്നാണ് വിശദീകരണം. അതേ സമയം പൊലീസിനെതിരെ രൂക്ഷമായി പ്രതികരിച്ച്, എസ് എഫ് ഐ നേതാവ് അഭിരാജിന് സംരക്ഷണവുമായി എസ്എഫ്‌ഐ രംഗത്ത് വന്നു. താന്‍ ലഹരി ഉപയോഗിക്കുന്ന ആളല്ലെന്നും തന്നെ കുടുക്കിയതാണെന്നും അഭിരാജ് ആരോപിച്ചു.
താന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും മനപ്പൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുഎന്നുമാണ് അഭിരാജ് പറയുന്നത്. ഇതിനെ എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയും പിന്തുണച്ചു. കെഎസ്‌യു നേതാവിന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ 2 പേര്‍ കെഎസ്‌യു നേതാക്കളാണെന്നും എസ്എഫ്‌ഐ ആരോപിച്ചു.
ക്യാമ്പസില്‍ പൊലീസ് എത്തിയ ഉടന്‍ കെ എസ് യു ഭാരവാഹികളായ ആദിലും അനന്തുവും ഒളിവില്‍ പോയെന്നും അവര്‍ക്കെതിരെ എന്തു കൊണ്ട് പൊലീസ് കേസ് എടുത്തില്ലെന്നും എസ് എഫ് ഐയുടെ വിമര്‍ശനം. എന്നാല്‍ ഒളിവില്‍ പോയിട്ടില്ലെന്ന് തിരിച്ചടിച്ച് കെഎസ് യു രംഗത്തെത്തി. വിദ്യാര്‍ത്ഥികളായ ആദിലും ആനന്തുവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു. വൈകിട്ടോടെ ആകാശിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഹോസ്റ്റലില്‍ പൂര്‍വ വിദ്യാര്‍ഥികളടക്കം വന്നു പോകുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ കഞ്ചാവ് എവിടെ നിന്ന് എത്തി എന്നതടക്കം പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. കേസില്‍ കുടുക്കുകയായിരുന്നു എന്ന ആരോപണവും പൊലീസ് നിഷേധിച്ചു. നിയമാനുസൃതം എല്ലാ തെളിവുകളോടും കൂടിയാണ് പരിശോധന നടത്തിയത് എന്നും പൊലീസ് പറയുന്നു. പൊലീസ് സംഘം റെയ്ഡിന് എത്തുമ്പോള്‍ താന്‍ ക്യാംപസില്‍ ആയിരുന്നു എന്നാണ് അഭിരാജിന്റെ വാദം. ഇന്ന് എസ്എഫ്‌ഐ യൂണിറ്റ് സമ്മേളനം നടക്കുന്നതിനാല്‍ അതിന്റെ അലങ്കാര പരിപാടികളുമായി ബന്ധപ്പെട്ട് ക്യാംപസില്‍ ഉണ്ടായിരുന്ന താന്‍ റെയ്ഡ് നടക്കുന്നത് അറിഞ്ഞാണ് ഹോസ്റ്റലില്‍ എത്തിയത് എന്ന് അഭിരാജ് പറയുന്നു.
താന്‍ ലഹരി ഉപയോഗിക്കുന്ന ആളല്ലെന്നും കഞ്ചാവ് തന്റേതല്ലെന്ന് പറഞ്ഞിട്ടും പൊലീസ് ഭീഷണിപ്പെടുത്തുകയും കേസ് എടുക്കുകയുമാണ് ചെയ്തത് എന്നാണ് അഭിരാജ് പറയുന്നത്. റെയ്ഡ് സമയത്തു ഹോസ്റ്റലില്‍നിന്ന് ഇറങ്ങി ഓടിയ ആളുകള്‍ കെഎസ്‌യു നേതാക്കളായ ആദിലും അനന്തുവുമാണെന്ന് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ദേവരാജ് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെഎസ്‌യു പാനലില്‍ മത്സരിച്ച ആളാണ് ആദില്‍ എന്നും ഇവര്‍ ഒളിവിലാണ് എന്നും എസ്എഫ്‌ഐ ആരോപിച്ചിരുന്നു.
തൊട്ടുപിന്നാലെ ക്യാംപസില്‍ എത്തിയ ആദിലും അനന്തുവും എസ്എഫ്‌ഐ ആരോപണം നിഷേധിച്ചു. സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ പുറത്തു പോയതായിരുന്നു താന്‍ എന്നാണ് ആദിലിന്റെ വാദം. രാത്രി 10 മണിക്ക് ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കുന്നതിനാല്‍ എത്താന്‍ വൈകുമെന്നു മനസ്സിലാക്കി സുഹൃത്തിനൊപ്പം പുറത്താണ് താമസിച്ചതെന്നും ആദില്‍ പറയുന്നു. താന്‍ ഹോസ്റ്റലില്ല താമസമെന്നും
ഭക്ഷണം വിതരണം ചെയ്യുമ്പോഴായിരുന്നു റെയ്ഡ് സമയത്ത് എന്ന് അനന്തുവും പറയുന്നു. അറസ്റ്റിലായ ആകാശ് കെഎസ്‌യു ഭാരവാഹിത്വത്തില്‍ ഉള്ള ആളല്ലെന്നും സുഹൃത്താണെന്നും ഇരുവരും പറഞ്ഞു. അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് അറസ്റ്റിലായവര്‍. ഒരാഴ്ച കൂടിയേ ഇനി ഇവര്‍ക്ക് ക്ലാസ് ഉള്ളൂ. അക്കാദമിക് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഈ വിദ്യാര്‍ഥികളുടെ ഭാവി കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.