മലപ്പുറം സ്വദേശിയുടെ ആഡംബരക്കാർ ഷോറൂമിൽ നടന്നത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ ; മലയാള സിനിമയിലെ താരങ്ങളും, ഇന്ത്യൻ ക്രിക്കറ്റ് താരവും ഉൾപ്പെട്ടിട്ടുള്ളതായും ആക്ഷേപം

കോഴിക്കോട് :  യൂസ്ഡ് കാർ ഷോറൂമില്‍ നടന്നത് 102 കോടി രൂപയുടെ കള്ളപ്പണ ഇടപാട്. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരവും ഉള്‍പ്പെടെ നിരവധി പ്രമുഖർ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയല്‍ ഡ്രൈവ്’ എന്ന സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികളുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയത്.

ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗമാണ് പരിശോധന നടത്തിയത്. കുറച്ചുമാസങ്ങളായി റോയല്‍ ഡ്രൈവ് കേന്ദ്രീകരിച്ച്‌ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് കാർ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളില്‍ രണ്ടു ദിവസമായി റെയ്ഡ് നടത്തിയത്. സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് അവർക്കു നോട്ടിസ് അയയ്ക്കാൻ ആദായനികുതി വകുപ്പു തീരുമാനിച്ചു.

പ്രമുഖ താരങ്ങള്‍ ആഡംബര കാറുകള്‍ വാങ്ങി ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം റോയല്‍ ഡ്രൈവിനു വില്‍പന നടത്തി പണം അക്കൗണ്ടില്‍ കാണിക്കാതെ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നു കാറുകള്‍ വാങ്ങി കാറിന്റെ വില കള്ളപ്പണമായി നല്‍കിയതും കണ്ടെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളികള്‍ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!