നാല് ബിരുദാനന്തര ബിരുദം, പിഎച്ച്ഡി, പക്ഷേ ജീവിക്കണമെങ്കിൽ പച്ചക്കറി വിൽക്കണം

ന്യൂഡൽഹി : നാല് ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയുമുള്ള യുവാവ് നിത്യവൃത്തിക്കായി പച്ചക്കറി വിൽക്കുന്നു.

പട്യാലയിലെ പഞ്ചാബി സർവകലാശാലയിൽ പ്രൊഫസറായിരുന്നു 39 കാരനായ ഡോ.സന്ദീപ് സിംഗാണ് പച്ചക്കറി വിൽപനയിലേക്ക് തിരിഞ്ഞത്. നിർഭാഗ്യകരമായ സാഹചര്യങ്ങൾ കാരണം ജോലി ഉപേക്ഷിച്ചെന്നും പണം സമ്പാദിക്കാനായി പച്ചക്കറി വിൽപ്പനയിലേക്ക് തിരിഞ്ഞെന്നും അദ്ദേഹം പറയുന്നു.

11 വർഷമായി പഞ്ചാബി സർവകലാശാലയിലെ നിയമ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രൊഫസറായിരുന്നു ഡോ. സന്ദീപ് സിംഗ്. നിയമത്തിൽ പിഎച്ച്ഡിയും പഞ്ചാബി, ജേണലിസം, പൊളിറ്റിക്കൽ സയൻസ് എന്നിവയുൾപ്പെടെ നാല് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇപ്പോഴും പഠനം തുടരുകയാണ്.

ശമ്പളം വെട്ടിക്കുറച്ചതും ശമ്പളം വൈകുന്നതുമാണ് ജോലി ഉപേക്ഷിക്കാൻ കാരണം. ശമ്പളം കൃത്യസമയത്ത് ലഭിക്കാത്തതിനാലും ശമ്പളം ഇടയ്ക്കിടെ വെട്ടിക്കുറച്ചതിനാലും എനിക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. ആ ജോലികൊണ്ട് എനിക്ക് ജീവിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ എന്റെയും എന്റെ കുടുംബത്തിന്റെയും നിലനിൽപ്പിനായി പച്ചക്കറി വിൽപ്പനയിലേക്ക് മാറിയത് – സന്ദീപ് സിംഗ് പറയുന്നു.

തന്റെ പച്ചക്കറി വണ്ടിയും “PhD സബ്സി വാല” എന്ന ബോർഡുമായി ഡോക്ടർ സന്ദീപ് സിംഗ് എല്ലാ ദിവസവും പച്ചക്കറി വിൽക്കാൻ പോകുന്നു. പ്രൊഫസറെന്ന നിലയിൽ താൻ നേടിയതിനേക്കാൾ കൂടുതൽ പണം പച്ചക്കറി വിറ്റ് സമ്പാദിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പരീക്ഷയ്ക്ക് പഠിക്കും.

അധ്യാപനത്തിൽ നിന്ന് ഇടവേള എടുത്തെങ്കിലും ഡോ. സന്ദീപ് സിംഗ് തന്റെ അഭിനിവേശം ഉപേക്ഷിച്ചില്ല. ഒരിക്കൽ സ്വന്തമായി ട്യൂഷൻ സെന്റർ തുറക്കുമെന്ന സ്വപ്നമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!