ആദ്യം മടിച്ചു, പിന്നെ സ്വീകരിച്ചു; പി എം ശ്രീയോട് ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരുകളും

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയവും, പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുമുള്ള തീരുമാനത്തില്‍ കേരളത്തില്‍ രാഷ്ട്രീയ തര്‍ക്കം തുടരുമ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും പദ്ധതിയുടെ ഭാഗം. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളും പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.

2023 മാര്‍ച്ച് ഒന്നിനാണ് ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. മാര്‍ച്ച് നാലിന് ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. തെലങ്കാനയിലെ രേവന്ത് റെഡ്ഡി സര്‍ക്കാരും പദ്ധതിയുടെ ഭാഗമാണ്. 2023 ഡിസംബറില്‍ കോണ്‍ഗസ് തെലങ്കാനയില്‍ വലിയ വിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചത്.

12 സംസ്ഥാനങ്ങളാണ് ആദ്യഘട്ടത്തില്‍ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായത്. 2022 ഒക്ടോബര്‍ 28നു അന്നു കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനടക്കം 12 സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണ പത്രം ഒപ്പുവച്ചു. അന്ന് കോണ്‍ഗ്രസിന്‌റെ ഭൂപേഷ് ബാഗേല്‍ നയിച്ചിരുന്ന ഛത്തീസ്ഗഡ് സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായില്ല. എന്നാല്‍ പിന്നീട് 2023 ജനുവരിയില്‍ കരാറൊപ്പിട്ടു. കര്‍ണാടകയും പദ്ധതിയുടെ ഭാഗമാണെങ്കിലും ബിജെപി ഭരിക്കുമ്പോഴായിരുന്നു പിഎം ശ്രീയുടെ ഭാഗമായത്. 

കോണ്‍ഗ്രസ് ഭരിച്ച കാലത്ത് പഞ്ചാബ് പദ്ധതിയുടെ ഭാഗമാകാന്‍ തയാറായില്ല. 2022 ല്‍ മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് കൂടി കക്ഷിയായ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ മാറിയതിനു പിന്നാലെ ആയിരുന്നു സംസ്ഥാനം പദ്ധതിയോട് സഹകരിക്കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!