‘വേദനസംഹാരി ഗുളിക കുട്ടികള്‍ക്ക് ലഹരി മരുന്നായി നല്‍കി’; ജന്‍ ഔഷധി ഷോപ്പ് അടച്ചുപൂട്ടാന്‍ എക്‌സൈസ് ശുപാര്‍ശ

കാസര്‍കോട്: പടന്നക്കാട് പ്രധാനമന്ത്രി ജന്‍ ഔഷധി ഷോപ്പില്‍ വേദനസംഹാരി ഗുളിക കുട്ടികള്‍ക്ക് ലഹരി മരുന്നായി നല്‍കിയെന്ന പരാതിയില്‍ എക്‌സൈസ് നടപടി. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജോയ് ജോസഫിന്റെ നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറും ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ഇ എന്‍ ബിജിനും സംഘവുമാണ് ജന്‍ ഔഷധി ഔട്ട്‌ലെറ്റില്‍ പരിശോധന നടത്തിയത്.

മയക്കുമരുന്നിന് പകരമായാണ് പലരും ഇത്തരം ലഹരി കിട്ടുന്ന വേദനസംഹാരി ഗുളിക ഉപയോഗിക്കുന്നത്. പരിശോധനയില്‍ മരുന്നുകടയില്‍ വ്യാപക ക്രമക്കേടും കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പ് അടച്ചുപൂട്ടാന്‍ അസി. ഡ്രഗ് കണ്‍ട്രോളര്‍ക്ക് ശുപാര്‍ശ ചെയ്തതായി വി വി പ്രസന്നകുമാര്‍ പറഞ്ഞു.

ലഹരി കിട്ടുന്ന വേദനസംഹാരി ഗുളികകള്‍ കുറിപ്പടിയില്ലാതെ വ്യാപകമായി വിറ്റതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഇത് വില്‍ക്കുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെടുന്നതെന്നും പ്രസന്നകുമാര്‍ പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രം നല്‍കാവുന്ന, കൃത്യമായി സ്റ്റോക്ക് രജിസ്റ്ററില്‍ കാണിച്ചിരിക്കേണ്ട വേദനസംഹാരി ഗുളികകളാണ് വില്‍പ്പന നടത്തിയതെന്ന് ഇ എന്‍ ബിജിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!