അഫ്‌സാന്റെ ഉമ്മ ഷമിയ്ക്ക് ബോധം തെളിഞ്ഞു…ആദ്യം ചോദിച്ചത്….

തിരുവനന്തപുരം : മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷമി ഇതുവരെ പൊന്നോമനയായ ഇളയ മകനുണ്ടായ ദുര്‍ഗതിയെക്കുറിച്ച് അറിഞ്ഞിട്ടില്ല. ബോധം തെളിഞ്ഞപ്പോള്‍ ഇളയ മകന്‍ അഫ്‌സാനെ കാണണമെന്നാണ് അവര്‍ ബന്ധുക്കളോടു പറഞ്ഞത്. അഫ്‌സാനെ മൂത്തമകൻ അഫാന്‍ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരം മാതൃഹൃദയം എങ്ങനെ താങ്ങുമെന്നറിയാത്ത ധര്‍മസങ്കടത്തിലാണ് ബന്ധുക്കള്‍.

ഷമിയുടെ തലയ്ക്കു പിന്നില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന്‍ അഫ്‌സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷമിയെ സന്ദര്‍ശിച്ച ബന്ധു പറഞ്ഞു. അഫ്‌സാന്റെ തലയ്ക്കു പിന്നിലേറ്റ അടിയാണ് മരണകാരണമായതെന്നാണു കരുതുന്നത്. ചെവിയുടെ തൊട്ടുപിന്നിലാണ് അടിയേറ്റിരിക്കുന്നത്.

അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ സ്വന്തം മാതാവ് ഷമിയെ ആണെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം കൊന്നതു മുത്തശ്ശി സല്‍മാ ബീവിയെ ആണെന്ന അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. രാവിലെ പണം നല്‍കാത്തതിനെ ചൊല്ലി അമ്മയെ ആക്രമിച്ച അഫാന്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍ മുറിയും വീടും പൂട്ടിയശേഷം അമ്മയുടെ ഫോണും എടുത്താണ് അഫാന്‍ പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കു പോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!