ഇനി മൂന്നുതരം ബി.എഡ്. കോഴ്‌സുകൾ…ദേശീയ തലത്തില്‍ അഭിരുചി പരീക്ഷ നിര്‍ബന്ധം…

ന്യൂഡൽഹി : ബി.എഡ്. കോഴ്‌സുകൾക്ക്‌ ചേരുന്നവർ ഇനി ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ എഴുതണം.ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി അധ്യാപകകോഴ്‌സുകൾ പരിഷ്കരിച്ചുള്ള കരട് മാർഗരേഖയിലാണ് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ.) ഇക്കാര്യം വ്യക്തമാക്കിയത്.മൂന്ന് തരത്തിലുള്ള ബി എഡ് കോഴ്‌സുകള്‍ക്കാണ് നിര്‍ദേശം. അവ ഇതൊക്കെയാണ്,

ഹയര്‍സെക്കന്‍ഡറി പാസായവര്‍ക്ക് നാല് വര്‍ഷ ബിഎഡ്

ഡിഗ്രി കഴിഞ്ഞവര്‍ക്കായി രണ്ട് വര്‍ഷ ബിഎഡ്

പിജി പാസായവര്‍ക്കായി ഒരുവര്‍ഷ ബിഎഡ്

ഗുണനിലവാരമുള്ള അധ്യാപകരുടെ സേവനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ തലത്തിലുള്ള അഭിരുചി പരീക്ഷ നടത്തുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പരീക്ഷയുടെ ചുമതല വഹിക്കുന്നത്.നാല് വര്‍ഷവുമായി സംയോജിപ്പിച്ച് ബിഎ-ബിഎഡ്, ബിഎസ് സി- ബിഎഡ്, ബികോം-ബിഎഡ് എന്നിങ്ങനെയാണ് കോഴ്‌സുകള്‍. ഇത് ഇരട്ട ഡിഗ്രിയായിരിക്കും. മൂന്ന് വര്‍ഷം പഠനവും നാലാം വര്‍ഷം അധ്യാപക വിദ്യാഭ്യാസവും ഉള്‍പ്പെടുത്തിയാണ് കോഴ്‌സുകള്‍.

മൂന്ന് വര്‍ഷ ബിരുദം നേടിയവര്‍ക്ക് രണ്ട് വര്‍ഷ ബിഎഡ്‌ന് ചേരാം. ഇതിനായി ഫൗണ്ടേഷന്‍, പ്രിപ്പറേറ്ററി, മിഡില്‍ സെക്കന്‍ഡറി എന്നീ നാല് വിദ്യാഭ്യാസ ഘട്ടങ്ങള്‍ക്കനുസരിച്ചുള്ള കോഴ്‌സുകളുണ്ടാവും. പിജി പാസായവര്‍ക്ക് ഒരു വര്‍ഷത്തെ ബിഎഡ് കോഴിസിന് ചേരാം. ഇതിനോടൊപ്പം തന്നെ രണ്ട് വര്‍ഷം ദൈര്‍ഘ്യമുളള എംഎഡ് കോഴ്‌സുകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കോഴ്‌സുകളുടെ പ്രവേശനത്തിനും ദേശീയതല അഭിരുചി പരീക്ഷ ഉണ്ടാവും. മറ്റെന്തെങ്കിലും വിഷയത്തില്‍ പിജിക്ക് പഠിക്കുന്നവര്‍ക്ക് എംഎഡ് പാര്‍ട്ട് ടൈം ആയി പഠിക്കാനുള്ള കോഴ്‌സും സര്‍വ്വകലാശാലകളില്‍ നടപ്പിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!