മണോളി കാവ് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷം; പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍, 70ലേറെ സിപിഎം പ്രവര്‍ത്തകര്‍ ഒളിവില്‍

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. 80 ഓളം പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. കുട്ടിമാക്കൂല്‍ സ്വദേശി സഹദേവന്‍ അടക്കം രണ്ട് പേരെയാണ് ഇതുവരെ പൊലീസിന് പിടികൂടാനായത്. ബാക്കിയുള്ളവര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം കാവില്‍ സംഘര്‍ഷത്തിനിടെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടവരെയും പൊലീസ് കേസില്‍ പെടുത്തിയെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം.

മണോളിക്കാവില്‍ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ സംഘര്‍ഷം തടയുന്നതിനിടെ എസ്‌ഐ ഉള്‍പ്പെടെ പൊലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. വൈകിട്ട് മണോളിക്കാവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റി. പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. എസ്‌ഐ ഉള്‍പ്പെടെയുളളവരെ ഗേറ്റിനുള്ളില്‍ പൂട്ടിയിട്ടു.

ഉത്സവം നടക്കുന്നതിനാലും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതുകൊണ്ടും പൊലീസ് കൂടുതല്‍ ബലപ്രയോഗത്തിന് തുനിയാതെ പിന്‍വാങ്ങി. തടഞ്ഞ സിപിഎം പ്രവര്‍ത്തകരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് കലാപ ശ്രമത്തിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമുള്‍പ്പെടെ കേസെടുത്തത്. പൊലീസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍.

എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് പൊലീസ് കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളെന്നും കളിച്ചാല്‍ തലശ്ശേരി സ്‌റ്റേഷനില്‍ ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു ബുധനാഴ്ചയിലെ ആക്രമണമെന്നും എഫ്‌ഐആറിലുണ്ട്. പിന്നാലെയാണ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴുളള അതിക്രമവും. പ്രതികള്‍ സിപിഎമ്മുകാരെന്നു പൊലീസ് പറയുന്നെങ്കിലും സിപിഎം ഇക്കാര്യം തള്ളിയിരിക്കുകയാണ്. സിപിഎം ഭരണത്തില്‍ പൊലീസിനും രക്ഷയില്ലാതായെന്നു കോണ്‍ഗ്രസും ബിജെപിയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!