അഹമ്മദാബാദ്: ഗുജറാത്തില്‍ ഫെബ്രുവരി 16-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി ബിജെപി. 68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.
68-ല്‍ 65 നഗരസഭകളിലും ബിജെപി ഭരിക്കും. 60 ഇടത്ത് ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. മറ്റ് അഞ്ച് നഗരസഭകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ പാര്‍ട്ടി ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ അവകാശപ്പെട്ടു. ഒരു നഗരസഭയില്‍ മാത്രമാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ളത്.
ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റുകള്‍ നേടി. 11 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഗുജറാത്തില്‍ ബിജെപി വിജയത്തില്‍ പാര്‍ട്ടി നേതൃത്തെയും പ്രവര്‍ത്തകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘ബിജെപിയുമായുള്ള ഗുജറാത്തിന്റെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും, അനുദിനം ദൃഢമാവുകയും ചെയ്യുന്നു. സംസ്ഥാനത്തുടനീളം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച് അനുഗ്രഹിച്ചതിന് ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. വികസന രാഷ്ട്രീയത്തിന്റെ മറ്റൊരു വിജയമാണിത്. ഗുജറാത്തിലെ ജനങ്ങള്‍ ഞങ്ങളില്‍ വീണ്ടും വീണ്ടും വിശ്വാസമര്‍പ്പിക്കുന്നതും അനുഗ്രഹിക്കുന്നതും ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നു’ പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.