മംഗളൂരു : വ്യവസായി ബി.എം. മുംതാസ് അലിയെ ദുരൂഹസാഹചര്യത്തിൽ ഫൽഗുനി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേരെ മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു.ആയിഷ എന്ന റഹ്മത്ത് ഭർത്താവ് ശുഐബ്,മൂന്നാം പ്രതി സിറാജ് എന്നിവരെ ബൽത്തങ്ങാടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലേക്ക് കടന്ന് റഹ്മത്ത് തിരിച്ച് സഞ്ചരിക്കുന്നതിനിടെയാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെയാണ് മുംതാസ് അലി കുലൂർ പാലത്തിന് മുകളിൽ നിന്ന് ഫാൽഗുനിപ്പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ സംഘം ശ്രമിച്ചതിന്‍റെ സമ്മർദ്ദം സഹിക്കാനാവാതെയാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.
വാട്‍സാപ്പിലെ കുടുംബ ഗ്രൂപ്പിൽ, തന്നെ ഒരു സ്ത്രീയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്ന സംഘത്തെക്കുറിച്ച്, മുംതാസ് അലി പറഞ്ഞിരുന്നു.താൻ ഇനി തിരിച്ച് വരില്ലെന്ന് മകൾക്കും മെസ്സേജ് അയച്ച ശേഷമായിരുന്നു മുംതാസ് അലിയുടെ ആത്മഹത്യ.