കൊച്ചി : പത്ത് വര്‍ഷത്തിനുള്ളില്‍ വാളയാര്‍ പ്രദേശത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി സിബിഐ. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വാളയാറില്‍ നിന്നും 18ല്‍ താഴെ പ്രായമുള്ള 27 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഞെട്ടിക്കുന്ന കണക്കുകള്‍ പറയുന്നത്. ഇക്കാലയളവില്‍ 305 പോക്‌സോ കേസുകള്‍ വാളയാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ പറയുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് സമാനമായി 1996ല്‍ രണ്ട് സഹോദരികള്‍ അസാധാരണ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്നും സിബിഐ പറയുന്നു. 17ഉം 11ഉം പ്രായമുള്ള സഹോദരിമാരെ 1996 ഫെബ്രുവരി 22ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടത്തില്‍ രക്തത്തില്‍ നിന്നും വിഷാംശം കണ്ടെത്തിയിരുന്നു.
101 പേജ് വരുന്ന കുറ്റപത്രമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. 2010 മുതല്‍ 2023 വരെയുള്ള കാലയളവില്‍ തൂങ്ങിമരിച്ച 13 വയസിന് താഴെയുള്ള കുട്ടികളുടെ കണക്കും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാര്‍ കേസന്വേഷണത്തില്‍ ഭാഗമായ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വാളയാറിൽ 10 വർഷത്തിനുള്ളിൽ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ; ഞെട്ടിക്കുന്ന കണക്കുമായി സിബിഐ…
