പാതിവില തട്ടിപ്പ് കേസ്; ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആനന്ദ കുമാ‍ർ ദേശീയ ചെയർമാൻ ആയ ദേശിയ എൻജിയോ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദ കുമാർ ആണെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. എൻജിയോ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുവിന്‍റെ സോഷ്യൽ ബീ വെൻചേഴ്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിൻറെ പ്രതികരണം.

പാതിവിലക്ക് ഉത്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ കോടികൾ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. 20163 പേരിൽ നിന്ന് 60000 രൂപ വീതവും, 4035 പേരിൽ നിന്ന് 56000 രൂപ വീതവും കൈപറ്റി എന്നാണ് ഇതുവരെ ഉള്ള കണക്കുകൾ. അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നു. അനന്തുവിന്റെ സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ 548 കോടി രൂപ എത്തി. അനന്തുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടികളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൂവാറ്റുപുഴ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് അനന്തു സമാഹരിച്ച കോടികളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് അക്കമിട്ട് നിരത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!