പ്രയാഗ്‌രാജ്: പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്‌ക്കെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പത്തുപേര്‍ മരിച്ചു. മിര്‍സാപൂര്‍ – പ്രയാഗ് രാജ് ഹൈവേയില്‍ ഭക്തര്‍ സഞ്ചരിച്ച ബൊലേറോ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അര്‍ധരാത്രിയില്‍ നടന്ന അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു.
ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്നും കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ബൊലേറോയിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റവരെ പ്രയാഗ് രാജ് ജില്ലാ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്കും മാറ്റി.
മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബൊലേറോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബാങ്ങളെ മുഖ്യമന്ത്രി അനുശോചന ം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.