ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോർജ് ജേക്കബ്  അന്തരിച്ചു

കോട്ടയം   മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം സ്ഥാപക മേധാവിയും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ കോട്ടയം ഗാന്ധിനഗർ പുള്ളോലിക്കൽ ഡോ. ജോർജ് ജേക്കബ് അന്തരിച്ചു. 94 വയസ്സായിരുന്നു.

പാമ്പാടി കോത്തല പുള്ളോലിക്കൽ കുടുംബാംഗമാണ്. മൃതദ്ദേഹം ബുധനാഴ്ച  വൈകിട്ട് 6ന് വസതിയിൽ എത്തിക്കും. സംസ്കാരം വ്യാഴാഴ്ച  ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 3.30ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് ചെറിയ പള്ളിയിൽ.

1970ൽ കോട്ടയം മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗം ആരംഭിക്കുമ്പോൾ അതിന്റെ മേധാവിയും പ്രഫസറുമായി. മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകി. 1964ൽ ജനറൽ മെഡിസിൻ അസിസ്റ്റന്റ് പ്രഫസറായാണ് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചത്. കൊൽക്കത്ത മെഡിക്കൽ കോളജിൽ നിന്നു എംബിബിഎസ്. പൂർത്തിയാക്കിയ അദ്ദേഹം വെല്ലൂർ സിഎംഎസിയിൽ റജിസ്ട്രാർ ഇൻ കാർഡിയോളജി ആൻഡ് ജനറൽ മെഡിസിൻ ആയിരുന്നു.

1960 മുതൽ 64 വരെ യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിൽ കാർഡിയോളജി വിഭാഗം റജിസ്ട്രാറായിരുന്നു. 1986ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ശേഷം രണ്ട് പതിറ്റാണ്ടോളം കോട്ടയം കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായിരുന്നു. ഒട്ടേറെ ശിഷ്യസമ്പത്തുള്ള ഡോ. ജോർജ് ജേക്കബ് മധ്യ കേരളത്തിലെ ആദ്യകാല ഹൃദ്രോഗ വിദഗ്ധരിൽ ഒരാളാണ്.

ഭാര്യ: ഡോ. മേരി ജോർജ് കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ അനസ്തീസിയ വിദഗ്ധയാണ്. കോട്ടയം വേളൂർ മണപ്പുറം കുടുംബാംഗമാണ്. മക്കൾ: ദീപ ജോർജ്, ഡോ. തോമസ് ജോർജ് (കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി). ഡോ. അനില ജോർജ് (കൺസൽട്ടന്റ് പീഡിയാട്രീഷ്യൻ, ബോസ്റ്റൺ, യുഎസ്). മരുമക്കൾ: കൊല്ലാട് മുല്ലശേരിൽ ജോർജ് പോൾ (ഡൽഹി), വടവുകോട് കടയത്ത് സ്നേഹ തോമസ്, കോട്ടയം തിരുവാഡോ. അജിത് തോമസ് (കൺസൽട്ടന്റ് ന്യൂറോ സർജൻ, യുഎസ്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!