ന്യൂയോർക്ക്: ഭരണത്തിലേറിയതിന് പിന്നാലെ പരിഷ്‌കാരങ്ങൾ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി. ഇസ്രായേലിനെതിരെ സ്വീകരിച്ച നടപടികളെ തുടർന്നാണ് ട്രംപിന്റെ നടപടി.
ഇസ്രായേലുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് അമേരിക്ക. ഹമാസുമായുള്ള പോരാട്ടത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയോ, ഇസ്രായേലോ ഈ കോടതിയിൽ അംഗമല്ല. എന്നിട്ടും നെതന്യാഹുവിനെതിരെ നടപടി സ്വീകരിക്കാൻ തുനിഞ്ഞതാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് വിനയായത്. ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉത്തരവിൽ ഉണ്ട്. അമേരിക്കയെയും അടുത്ത സുഹൃത്തായ ഇസ്രായേലിനെയും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരത്തി കോടതി ലക്ഷ്യമിടുകയാണെന്ന് ഉത്തരവിൽ പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നെതന്യാഹുവിനും അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രിയായ യോവ് ഗല്ലാന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രായേലിനോ അമേരിക്കയ്‌ക്കോ എതിരെ നടപടി സ്വീകരിക്കാൻ കോടതിയ്ക്ക് യാതൊരു അധികാരവും ഇല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.