അമേരിക്കയില്‍ വീണ്ടും വിമാന അപകടം; വീടുകള്‍ക്ക് മുകളിലേക്ക് ചെറുവിമാനം തകര്‍ന്നുവീണു, നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വിണ്ടും വിമാനം തകര്‍ന്ന് അപകടം. വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ റൂസ്വെല്‍റ്റ് മാളിന് സമീപം വീടുകള്‍ക്ക് മുകളിലേക്കാണ് ചെറുവിമാനം തകര്‍ന്നു വീണത്. അപകടത്തിന് പിന്നാലെ പ്രദേശത്ത് വന്‍തീപിടിത്തമുണ്ടായി. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.

റൂസ് വെല്‍റ്റ് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് വലിയ അപകടം നടന്നതായി ഫിലാഡല്‍ഫിയ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. എന്നാല്‍ അപകടത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. റൂസ്വെല്‍റ്റ് ബൊളിവാര്‍ഡിന്റെ ചില ഭാഗങ്ങളില്‍ റോഡുകള്‍ അടച്ചയായും ഈ പ്രദേശത്തേക്ക് യാത്ര ഒഴിവാക്കണമെന്നും നഗരത്തിലെ എമര്‍ജന്‍സി മാനേജ്മെന്റ് ഓഫീസ് എക്സില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍  പുറത്തുവന്ന ദൃശ്യങ്ങളില്‍ അപകടത്തില്‍ വീടുകള്‍ തകര്‍ന്നതിന്റെയും തീപിടിത്തമുണ്ടായതിന്റെയും കാണാം. നിരവധി അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയതായും ദൃശ്യങ്ങളിലുണ്ട്.

വീടുകളും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വാഷിങ്ടണിലെ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം ഒരു പാസഞ്ചര്‍ വിമാനവും മിലിട്ടറി ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 67 പേര്‍ മരിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ വിമാന അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!