തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മാവൻ അറസ്റ്റിൽ. കുഞ്ഞിന്റെ മാതാവ് ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. അതേസമയം, ഏറ്റെടുക്കാൻ ആരുമില്ലാത്തതിനാൽ ശ്രീതുവിനെ പൂജപ്പുര മഹിള മന്ദിരത്തിലേക്ക് മാറ്റി.
ഹരികുമാറാണ് കുട്ടിയെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസിന് ബോധ്യമായിരുന്നു. കുഞ്ഞിനെ ഇയാൾ മുമ്പും ഉപദ്രവിച്ചിരുന്നുവെന്നും രണ്ടു ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ വഴക്കുണ്ടായപ്പോൾ പ്രതി കുട്ടിയെ പിടിച്ചുതള്ളുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തിൽ പങ്കുണ്ടെന്നും പ്രതി ചേർക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഏറ്റെടുക്കാൻ ആരുമില്ലാത്ത സ്ഥിതി വന്നതോടെ മഹിളാ ജയിലിലേക്ക് മാറ്റുകയായിരുന്നു. ശ്രീതുവിന് പങ്കുണ്ടോയെന്നതുൾപ്പെ ടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും വരും ദിവസങ്ങളിൽ കൃത്യമായ വിവരങ്ങളിലേക്കെത്താനാ വുമെന്നും പോലീസ് അറിയിച്ചു.
ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ദേവേന്ദിവിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ല, ശ്വാസകോശത്തിൽ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. എന്നാൽ, കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്നതിൽ വ്യക്തതയില്ല. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.
