പണയ സ്വർണ തട്ടിപ്പ്… അമ്പലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ

അമ്പലപ്പുഴ: പണയ സ്വർണ്ണത്തിൽ തട്ടിപ്പ് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും പിടിയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനമായ മുളമൂട്ടിൽ ഫിനാൻസിയേഴ്സിന്റെ പുറക്കാട് ശാഖയിൽ നിന്നും പണയ സ്വർണത്തിൽ തിരിമറി നടത്തി 14 ലക്ഷത്തിൽ പരം രൂപ തട്ടിപ്പ് നടത്തിയും കൂടാതെ ക്യാഷ് ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ എടുക്കുകയും ചെയ്ത കേസിൽ പുറക്കാട് സ്വദേശികളും ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരികളുമായ പുറക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ തെക്കൻ കണിച്ചുകുളങ്ങര അമ്പലത്തിന് തെക്കുവശം ഇല്ല്യാസ് പറമ്പ് വീട്ടിൽ സുബലൻ്റെ ഭാര്യ ബിന്ദു (48) , പുറക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ അണ്ണായി മഠം സ്കൂളിന് സമീപം കാരിക്കാപറമ്പ് വീട്ടിൽ അനിൽകുമാറിൻ്റെ ഭാര്യ സുൽഫിയാ ഹസ്സൻ ( 37) ഉം അയൽവാസിയും സഹായിയുമായ പുറക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ അണ്ണായി മഠം സ്കൂളിന് സമീപം മൂരിപ്പാറ വീട്ടിൽ പ്രസാദിൻ്റെ ഭാര്യ മായ ( 44) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം പിടികൂടിയത്.

പുറക്കാട് മുളമൂട്ടിൽ ഫിനാൻസിയേഴ്സിൽ ജീവനക്കാരായ പ്രതികളും സുഹൃത്തും സഹായിയുമായ മായയുടെ സഹായത്താൽ പലരുടെ പേരിലായി 23 പവനോളം സ്വർണം പലപ്പോഴായി പണയം വെച്ച് 14 ലക്ഷത്തോളം രൂപ എടുത്ത ശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം പിന്നീട് എടുത്ത് വിൽക്കുകയും തിരിമറി നടത്തുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്. എല്ലാ മാസവും 15 ദിവസം കഴിയുമ്പോൾ ഓഡിറ്റ് നടത്തുന്ന ബാങ്കിൽ ജനുവരി പതിനൊന്നാം തീയതി നടത്തിയ ഓഡിറ്റിൽ സീൽ ചെയ്തു സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്നും 9 പാക്കറ്റ് സ്വർണമാണ് പ്രതികൾ ചേർന്ന് ലോക്കറിൽ നിന്നും എടുത്തു കൊണ്ട് പോയി തിരിമറി നടത്തിയത്.

ജനുവരി 22-ാം തീയതി സർപ്രൈസ് ഓഡിറ്റിന് ഓഡിറ്ററും, അപ്രൈസറും എത്തിയ സമയം ബാങ്കിൻ്റെ ചാർജ്ജ് ഉണ്ടായിരുന്ന ഒന്നാം പ്രതി ലോക്കറിന്റെ താക്കോൽ നൽകാതെ മുങ്ങുകയായിരുന്നു. ആ സമയത്ത് പണമിടപാട് സ്ഥാപനത്തിലെത്തിയ ഓഡിറ്റർക്ക് ആദ്യം സംശയമൊന്നും തോന്നാത്തത് കാരണം ആദ്യം പരാതി ഒന്നും നൽകിയില്ല, തുടർന്ന് ഒന്നാം പ്രതിയായ ബിന്ദുവിനെ കാണാനില്ലെന്ന മകളുടെ പരാതിയിൻമേൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ സ്വർണ പണയം പരിശോധിക്കുകയും സ്വർണ പാക്കറ്റിൻ്റെ അളവിൽ കുറവ് കണ്ടെത്തുകയും കൂടാതെ ക്യാഷ് ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന 50,000 ത്തോളം രൂപയും കാണാതായതിനെ തുടർന്നാണ് തട്ടിപ്പ് സംബന്ധിച്ചു പരാതി അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ നൽൽകിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒന്നാം പ്രതി ബിന്ദുവിൻ്റെ ഫോണിൻ്റെ ലൊക്കേഷൻ പരിശോധിച്ചതിൽ പുറക്കാട് ഭാഗത്ത് തന്നെ കാണപ്പെട്ടതിൽ അന്വേഷണം നടത്തിയതിൽ പൊലീസിനെ കബളിപ്പിക്കുന്നതിനായി മൊബൈൽ ഫോൺ വീടിൻ്റെ പരിസരത്ത് ഉള്ള ഒരു ചാക്കിൽ കെട്ടി ഉപേക്ഷിച്ച് പോയ പ്രതിയെപ്പറ്റി അന്വേഷണം നടത്തുകയും, സമീപത്തുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി ഒരു സ്ത്രീയുടെ കൂടെ സ്കൂട്ടറിൽ കയറി പോകുന്നതായി കണ്ടിരുന്നു. ആ സ്ത്രീയെ കണ്ട് ചോദ്യം ചെയ്തതിൽ തമിഴ്നാട്ടിലെ സേലത്ത് എവിടെയോ ജോലി ശരിയായിട്ടുണ്ട്, അങ്ങോട്ട് പോകുകയാണ് എന്ന് പറഞ്ഞു ആലപ്പുഴ എസ്.ഡി കോളേജിന് സമീപത്ത് നിന്നും കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടിസി
സൂപ്പർ ഫാസ്റ്റ് ബസിൽ കേറി പോകുകയായിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബസ് കണ്ടെത്തുകയും, ബസിലെ സി.സി.ടി.വി ദൃശ്യങ്ങളും, ടിക്കറ്റും പരിശോധിച്ചതിൽ ഒന്നാം പ്രതിയായ ബിന്ദു തൃശ്ശൂരിലേക്ക് ടിക്കറ്റ് എടുത്തിട്ട് തൃശ്ശൂരിൽ ഇറങ്ങിയതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോടുള്ള പുതിയാപ്പ എന്ന സ്ഥലത്ത് നിന്നും കണ്ടെത്തുകയും സ്റ്റേഷനിൽ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തതിൽ മറ്റു രണ്ടു പ്രതികളുടെ പങ്ക് കൂടി വെളിവാകുകയും തുടർന്ന് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതികളെ കൊട്ടാരക്കര സബ്ബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.എൻ .രാജേഷിൻ്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർമാരായ മധു വി, ഷാജി എ.എൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് കുമാർ, വിഷ്ണു ജി, ജോസഫ് ജോയ് വി, വനിതാ സിവിൽ പോലീസ് ഓഫീസർ ഗാർഗി എം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!