സെക്രട്ടേറിയറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ പടുകൂറ്റൻ കട്ടൗട്ട്…വിവാദമായതോടെ ഫ്ലക്സ്…

തിരുവനന്തപുരം : ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഫ്ലക്സ് സ്ഥാപിച്ച് സെക്രട്ടേറിയറ്റിലെ ഇടത് ജീവനക്കാരുടെ സംഘടന. വിവാദമായതോടെ നഗരസഭാ ജീവനക്കാരെത്തി ഫ്ലക്സ് കീറി മുഖ്യമന്ത്രിയുടെ കട്ടൗട്ട് എടുത്തുമാറ്റി.

നാടു നീളെ നടന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ അഴിച്ച് മാറ്റുകയാണ് നഗരസഭ. പൊതു സ്ഥലങ്ങളിലെ ഫ്ലക്സ് അടിയന്തരമായി അഴിച്ച് മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഫ്ലക്സ് ബോര്‍ഡുകള്‍ തിരക്കിട്ട് അഴിച്ചുമാറ്റുന്നത്.

ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പടുകൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചത്. സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനം അറിയിക്കാൻ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വെച്ചതാണ്. മുഖ്യമന്ത്രിയുടെ വലിയ കട്ടൗട്ടും ഇതോടൊപ്പം സ്ഥാപിച്ചിരുന്നു. ആര്‍ക്കും കാണാവുന്ന വിധം ഫ്ലക്സ് വച്ചിട്ടും കാണേണ്ടവരാരും കണ്ടില്ല.

സംഗതി വാര്‍ത്തയായതോടെ വിവാദമായി. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചുള്ള നിയമലംഘനത്തെ കുറിച്ച് ചര്‍ച്ചയായി. ഇതോടെയാണ് നഗരസഭാ ജീവനക്കാര്‍ പെട്ടിയോട്ടോയുമായി എത്തി ഫ്ലക്സ് ബോര്‍ഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ കട്ടൗട്ട് അടക്കം എല്ലാം വാരിക്കൂട്ടി ഓട്ടോ പോയി. അതേസമയം, വിലക്ക് നിലനിൽക്കെ എന്തിന് കൂറ്റൻ ഫ്ലെക്സ് വെച്ചെന്ന ചോദ്യത്തിന് സംഘടനക്ക് മറുപടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!