ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ പൊലീസിന്റെ നിർണായക കണ്ടെത്തൽ. വ്യാജ സന്ദേശങ്ങൾ ഇ-മെയിൽ ആയി അയച്ച വിദ്യാർത്ഥിക്ക് കുടുംബത്തിലെ ഒരു അംഗത്തിൽ നിന്ന് സഹായം ലഭിച്ചിരുന്നു. വിദ്യാർഥിയെ സഹായിച്ചത് സന്നദ്ധ സംഘടനാ പ്രവർത്തകനാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന അഫ്സൽ ഗുരുവിന്റെ വധശിക്ഷയടക്കം എതിർത്തിരുന്നു. ഈ സംഘടനക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഒരു വിദ്യാർത്ഥിക്ക് 400 മെയിലുകൾ അയക്കാൻ ആകില്ല എന്നും കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറയുന്നു. എന്നാൽ സന്നദ്ധ സംഘടനയുടെയോ, രാഷ്ട്രീയ പാർട്ടിയുടേയോ പേര് വെളിപ്പെടുത്താൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല.
ഡൽഹിയിൽ നിരവധി സ്‌കൂളുകളിലാണ് പ്ലസ്ടു വിദ്യാർഥി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാർഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതിലൂടെയാണ് നിർണായക വിവരങ്ങൾ ലഭിക്കുന്നത്.
6 തവണയാണ് പല സ്കൂളുകൾക്കായി വിദ്യാർഥി വ്യാജ ബോംബ് സന്ദേശം അയച്ചത്. ഭീഷണിയ്ക്ക് പിന്നാലെ ബോംബ് സ്‌ക്വാഡുകൾ സ്കൂളുകളിലേക്ക് എത്തുന്നതും വിദ്യാർഥികളെ തിരികെ വീട്ടിലേക്ക് അയക്കുന്നതും പതിവായിരുന്നു.