തലയോട്ടി സ്ത്രീയുടെ, അസ്ഥികള്‍ ഒന്നില്‍ കൂടുതല്‍ പേരുടേത്; ദുരൂഹതയില്ലെന്ന് പൊലീസ്

കൊച്ചി: ചോറ്റാനിക്കരയിലെ വര്‍ഷങ്ങളായി അടഞ്ഞു കിടന്ന വീട്ടില്‍ നിന്നും കണ്ടെത്തിയ മനുഷ്യ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്. അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കണ്ടെടുത്ത തലയോട്ടി സ്ത്രീയുടേയും മറ്റ് അസ്ഥികള്‍ ഒന്നില്‍ കൂടുതല്‍ പേരുടേതുമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. അസ്ഥികളുടെ ഡിഎന്‍എ അടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടെ തറവാട്ടു വീട്ടിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുന്ന ഡോക്ടറായ മകന്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണ് തലയോട്ടിയും അസ്ഥികളുമെന്ന് വീട്ടുടമയായ ഡോക്ടര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് എറണാകുളത്തെ വീട്ടില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ തറവാട്ടു വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമുണ്ടായിരുന്നതാണ് തലയോട്ടിയും അസ്ഥികളും. അന്ന് ദുബായില്‍ ആയിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

സംഭവം വാര്‍ത്തയായതോടെ, വേലക്കാരിയാണ് വിവരം അറിയിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചോറ്റാനിക്കരയിലെ വീട്ടിലെ സ്വീകരണമുറിയിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം അലക്ഷ്യമായി കൈകാര്യം ചെയ്തതില്‍ നിയമപ്രശ്‌നം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിവൈഎസ്പി വി ടി ഷാജന്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!