ഡ്രൈവര്‍ ഫിറ്റ്, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ബംഗളൂരുവില്‍ ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

ബംഗളൂരു: സ്ത്രീ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് ദിനം പ്രതി വരുന്നത്. സ്വന്തം സുരക്ഷയ്ക്കായി, ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരിക്കുകയാണ് ഒരു സ്ത്രീ. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുകയും നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും സ്ത്രീ ചാടി രക്ഷപ്പെടുകയായിരുന്നു.

‘നമ്മ യാത്രി’ എന്ന ആപ്ലിക്കേഷനിലൂടെ ഹൊറമാവുവില്‍ നിന്ന് തനിസാന്ദ്രയിലേയ്ക്ക് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തു. എന്നാല്‍ പോകേണ്ട സ്ഥലത്തേയ്ക്കായിരുന്നില്ല ഡ്രൈവര്‍ പോയത്. മാത്രമല്ല ഡ്രൈവര്‍ മദ്യപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു. 24 മണിക്കൂര്‍ കാത്തിരിക്കാനാണ് നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ തങ്ങളോട് ആവശ്യപ്പെട്ടത്. അടിയന്തര സാഹചര്യത്തില്‍ 24 മണിക്കൂര്‍ കാത്തിരിക്കാന്‍ എങ്ങനെ കഴിയും? സ്ത്രീയുടെ സുരക്ഷ എന്നത് എങ്ങനെയാണെന്നും അദ്ദേഹം ബംഗളൂരു പൊലീസിനോട് ചോദിച്ചു.

തന്റെ പരാതി ഗൗരവമായി പരിഗണിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പൊലീസിനോട് അഭ്യര്‍ഥിച്ചു. നമ്മ യാത്രിക്കും പരാതി നല്‍കിയിരുന്നു. ഭാര്യക്കുണ്ടായ അസൗകര്യത്തെക്കുറിച്ച് കേട്ടതില്‍ ഖേദിക്കുന്നുവെന്നും അവര്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് പരാതിക്കു മറുപടി ലഭിച്ചത്. ദയവായി, യാത്രാ വിശദാംശങ്ങള്‍ അയച്ചു നല്‍കാനും ഉടന്‍ പരിശോധിക്കുമെന്നുമാണ് യാത്രാ ആപ്ലിക്കേഷന്‍ അധികൃതരില്‍ നിന്നുമുള്ള മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!