കോട്ടയം : നല്ല ഇടനയിലയിൽ പൊതിഞ്ഞ കുമ്പിൾ അപ്പം… വേവുമ്പോൾ തന്നെ കൊതിപ്പിക്കുന്ന മണം, രുചിയോ അതിലേറെ… നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്ന ഇടനയിലയ്ക്ക് ഇപ്പോൾ വൻ ഡിമാന്റാണ്.
ചക്കപ്പഴം ഉപയോഗിച്ചുള്ള കുമ്പിൾ അപ്പത്തിന് ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും ആവശ്യക്കാർ വർദ്ധിച്ചതോടെ ഇത് ഉണ്ടാക്കുന്ന നിർമ്മാണ യൂണിറ്റുകൾ സംസ്ഥാനത്ത് ധാരാളമായി വന്നു. അവർക്കാവട്ടെ വലിയ തോതിൽ ഓർഡറുകളും ലഭിച്ചതോടെ അപ്പം പൊതിയുന്ന ഇടനയിലയ്ക്ക് കടുത്ത ക്ഷാമമായി. ഇത് ഇവരെ പ്രതിസന്ധിയിലാക്കി.
ഇടനയിലകൊണ്ട് പൊതിഞ്ഞാൽ മാത്രമാണ് യഥാർത്ഥ രുചി ലഭിക്കുകയുള്ളു, ക്ഷാമം രൂക്ഷമായതോടെ ഒരു രൂപ നിരക്കിൽ ഇല വാങ്ങാൻ തുടങ്ങിയിരിക്കുകയാണ് സംരംഭകർ. അതേസമയം ചക്കയപ്പമാക്കാതെ ഇല മാത്രമായും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്.
ഇടനയിലയ്ക്ക് പ്രചാരമേറിയതോടെ റബ്ബർ കൃഷി വെട്ടിമാറ്റി ഇടന കൃഷിചെയ്ത കർഷകരുമുണ്ട് സംസ്ഥാനത്ത്. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകൂടിയാണ് ഇടനയില. ഈ സ്വീകാര്യത മലയോര മേഖലയിലെ കർഷകർക്ക് ഒരു വരുമാനമാർഗ്ഗമാകുമെന്ന് കർഷകനായ എബി ഐപ്പ് ചൂണ്ടിക്കാട്ടുന്നു.