നിവർത്തി വെച്ച കുടയുമായി ഗുഡ്‌സ് ഓട്ടോ പാഞ്ഞു… കുടയിൽ കുടുങ്ങിയ വയോധികൻ…

കോഴിക്കോട്  : ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണ് അപകടം. തൊട്ടുപിന്നാലെ എത്തിയ കാര്‍ വെട്ടിച്ചുമാറ്റി ബ്രേക്ക് ചെയ്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നിലത്ത് വീണ വയോധികൻ കാറിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കുടയിൽ കുടുങ്ങിയ വയോധികൻ വീഴുന്നത് കണ്ട് കാര്‍ യാത്രക്കാരൻ കൃത്യസമയത്ത് ബ്രേക്ക് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ കോഴിക്കോട് കക്കോടി പാലത്തിൽ വെച്ച് നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

വഴിയോരങ്ങളിലും മറ്റും ഗുഡ്സ് ഓട്ടോയിൽ സാധനങ്ങള്‍ വിൽക്കുന്ന ഓട്ടോറിക്ഷയുടെ കുടയാണ് അപകടത്തിനിടയാക്കിയത്. വഴിയോരങ്ങളിലും മറ്റും നിര്‍ത്തി വിൽക്കാൻ നാരങ്ങയും കയറ്റി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നിൽ വലിയ കുടയും കെട്ടിവെച്ചിരുന്നു. വാഹനം ഓടിക്കുമ്പോള്‍ ഇത് മടക്കിവെച്ചിരുന്നില്ല. കക്കോടി പാലത്തിലെ വീതി കുറഞ്ഞ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. പാലത്തിൽ വെച്ച് വേഗതയിൽ പോവുകയായിരുന്ന ഓട്ടോയിൽ നിന്ന് കാറ്റ് പിടിച്ച് കുട താഴേക്ക് ചെരിഞ്ഞു.

ഈ സമയം റോഡിലൂടെ എതിര്‍ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന വയോധികന്‍റെ മുഖത്തേക്കാണ് കുട വീണത്. കുട വീണത് അറിയാതെ ഗുഡ്സ് ഓട്ടോ മുന്നോട്ട് നീങ്ങിയതോടെ വയോധികൻ പിന്നിലേക്ക് അടിച്ചുവീഴുകയായിരുന്നു. പിന്നിൽ വന്ന കാര്‍ ഡ്രൈവര്‍ വയോധികൻ വീഴുന്നത് കണ്ട ഉടനെ കാര്‍ വലത്തോട്ട് വെട്ടിച്ച് നിര്‍ത്തുകയായിരുന്നു. കാര്യമായ പരിക്കേൽക്കാതെ വയോധികൻ രക്ഷപ്പെട്ടെങ്കിലും കുട നിര്‍ത്തിവെച്ചുള്ള ഇത്തരം അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ നടപടിയെടുക്കണ മെന്ന ആവശ്യമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!