കണ്ണീര്‍ക്കയമായി കല്ലടിക്കോട്; മരണം നാലായി; അപകടത്തില്‍പ്പെട്ടത് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികള്‍

പാലക്കാട് : കല്ലടിക്കോട് പനയമ്പാടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ് ഇവർ. സ്‌കൂള്‍ വിട്ട് റോഡിന് വശത്തുകൂടി പോകുകയായിരുന്ന കുട്ടികള്‍ക്ക് മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഇസാഫ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, അതിനിടെ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂന്നു വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപ്തരിയിലാണ്. മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്. കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ വൈകീട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം.

മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സിമന്റ് കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ക്രെയിന്‍ ഉപയോഗിച്ച് ഏറെ നേരം പണിപ്പെട്ടാണ് ലോറി ഉയര്‍ത്തിയത്. ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ പ്രദേശത്ത് അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!