രണ്ടര സെന്റുകാരന് ജപ്തി നോട്ടീസ് നൽകി കൊല്ലാട്  സഹകരണ ബാങ്ക്; ആത്മഹത്യയ ല്ലാതെ മറ്റു വഴിയില്ലെന്ന്…

കോട്ടയം : വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് രണ്ടര സെന്റുകാരന് ജപ്തി നോട്ടീസ് നൽകി കൊല്ലാട് സർവ്വീസ് സഹകരണ ബാങ്ക്. അടച്ചുറപ്പുള്ള ഒരു കിടപ്പാടം പോലുമില്ലാതെ അശരണനായി കഴിയുന്ന സണ്ണി എന്ന വായ്പ്പക്കാരനോട് ബാങ്ക് അധികൃതർ കൈക്കൊണ്ട നടപടി കാരുണ്യമില്ലാത്തതാണെന്ന് സഹകാരികൾ തന്നെ ആക്ഷേപം ഉന്നയിക്കുന്നു.

കാലങ്ങളായി സിപിഐ എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരണം നിയന്ത്രിക്കുന്നത്. ബാങ്കിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയവർ പാർട്ടിക്കാരോ അനുഭാവികളോ ആണെങ്കിൽ അവരുടെ വായ്പകൾ സങ്കട ഹർജിയായി പരിഗണിച്ച് എഴുതി തള്ളും. ഒരു വിധത്തിലും തിരിച്ചടയ്ക്കാനുള്ള സാഹചര്യമില്ലെന്ന് ബോധ്യപ്പെട്ടാലും അശരണരും നിരാലംബരുമായ വായ്പക്കാരുടെ ഇത്തരം ആവശ്യങ്ങൾ ബാങ്ക് പരിഗണിക്കാറില്ലെന്നതാണ് ഉയർന്നുവരുന്ന  ആരോപണം.

ഏകദേശം പത്ത് വർഷം മുമ്പാണ് മകളുടെ വിവാഹാവശ്യങ്ങൾക്കായി പനച്ചിക്കാട് പഞ്ചായത്തിലെ നാലാം വാർഡ് മലമേൽക്കാവ് കരയിൽ പുത്തൻപറമ്പിൽ വീട്ടിൽ സണ്ണി. കെ. സി ബാങ്കിൽ നിന്ന് ഒന്നരലക്ഷം രൂപ വായ്പ്പയെടുത്തത്. വായ്പ്പയുടെ കാലാവധി കഴിഞ്ഞിട്ടും സണ്ണിക്ക് ലോൺ തിരിച്ചടയ്ക്കാൻ സാധിച്ചില്ല. വർഷങ്ങൾക്കിപ്പുറം പലിശയും കൂട്ട് പലിയും സഹിതം തിരിച്ചടവ് തുക 4 ലക്ഷത്തിനടുത്തെടുകയും ചെയ്തു. ഏറ്റവുമൊടുവിൽ ഇപ്പോൾ ബാങ്ക് അധികൃതർ സണ്ണിയുടെ വീട്ടിൽ ജപ്തി നോട്ടീസും പതിപ്പിച്ചു. 

ചുഴലി, ശ്വാസം മുട്ടൽ തുടങ്ങി വിവിധ രോഗങ്ങൾക്ക് ചികിത്സ തേടുന്ന സണ്ണി ജോലിയ്ക്ക് പോകാനാവാത്തവിധം തികച്ചും അവശനാണ്. നാട്ടുകാരിൽ പലരുടെയും സഹായത്താലാണ് ഓരോ ദിവസവും ഭക്ഷണം കഴിക്കുന്നതും മരുന്നുകൾ വാങ്ങുന്നതും. ഇദ്ദേഹത്തിന്റെ ഭാര്യ വീട്ട് ജോലിക്ക് പോയി കിട്ടുന്നതായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. എന്നാൽ വായ്പ എടുത്തതിനുശേഷം പെട്ടെന്നുണ്ടായ രോഗത്താൽ ഭാര്യ മരണപ്പെട്ടു. കൂടാതെ ഈ തുക കൊണ്ട് വിവാഹം ചെയ്തയച്ച മകൾ ഭർത്താവുമായി പിരിഞ്ഞ് കുട്ടികളുമായി ഇപ്പോൾ സണ്ണിക്കൊപ്പമാണ്.

രണ്ടര സെൻറ് സ്ഥലവും, അതിൽ ഇടിഞ്ഞുവീഴാറായ ഒരു കൂരയുമാണ് ആകെയുള്ള സമ്പാദ്യം. പക്ഷേ, സർക്കാർ കണക്കിൽ സണ്ണി എപിഎൽ റേഷൻ കാർഡിന്റെ ഉടമയാണ്. ഇത് ബിപിഎൽ ആക്കുന്നതിന് അപേക്ഷ നൽകിയെങ്കിലും നടപടിയായിട്ടില്ല. സണ്ണിയുടെ നിലവിലെ നിസ്സഹായാവസ്ഥ പരിഗണിച്ച് അദ്ദേഹത്തെ സങ്കടഹർജിയിൽ ഉൾപ്പെടുത്തി ലോൺ തുക എഴുതി തള്ളണമെന്ന ആവശ്യമുന്നയിച്ച്  സഹകരണ മന്ത്രിയ്ക്കും ബാങ്ക് അധികൃതർക്കും അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് സണ്ണിയുടെ കൂരയ്ക്കു മുകളിൽ ജപ്തി നോട്ടീസ് പതിക്കപ്പെട്ടത്.  സങ്കടഹർജി ബാങ്ക് അധികൃതർ പരിഗണിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്നാണ് സണ്ണിയും മകളും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!