‘ഹാഷിമിനൊപ്പം പോകാന്‍ അനൂജ ആദ്യം തയ്യാറായില്ല, ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നു’; പൊലീസിന് മൊഴി

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ചാണ് ഹാഷിം കാറുമായി എത്തിയ ട്രാവല്‍ തടഞ്ഞത്.

ആദ്യം ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനൂജ തയ്യാറായില്ല. ആക്രോശിച്ചുകൊണ്ട് ഹാഷിം വാനില്‍ കയറിയതോടെയാണ് അനൂജ കാറില്‍ കയറാന്‍ തയ്യാറായത്. ചിറ്റപ്പന്റെ മകനാണെന്നാണ് അനൂജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, പന്തികേട് തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നു.

കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സേഫ് ആണെന്ന് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്.

നൂറനാട് സ്വദേശിനിയാണ് അനൂജ. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്. ഹാഷിം വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. അനൂജയും വിവാഹിതയാണ്. ഹാഷിമിനെക്കുറിച്ച് യുവതിയുടെ ബന്ധുക്കള്‍ക്ക് അറിവില്ലെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രി 11.15 ഓടെയാണ് അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ച് അമിതവേഗതയിലെത്തിയ കാര്‍ ലോറിയിലിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തിൽ ഹാഷിമും അനൂജയും മരിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്തത്. അമിത വേഗതയില്‍ ഓടിച്ച് ഹാഷിം കാര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!