ന്യൂഡൽഹി: ദേശീയ ബിരുദ പ്രവേശന പരീക്ഷയിൽ (സിയുഇടി- യുജി) വിഷയങ്ങൾ വെട്ടിചുരുക്കി. ഇത്തവണ 37 വിഷയങ്ങൾ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം 63 വിഷയങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഏതൊക്കെ വിഷയങ്ങളാണ് ഒഴിവാക്കിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒഴിവാക്കിയ വിഷയങ്ങളിലെ പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും നടത്തുക. ബിരുദ പഠനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റം.
12-ാം ക്ലാസിൽ ഏതു വിഷയത്തിൽ പഠിച്ചുവെന്ന വ്യത്യാസമില്ലാതെ സിയുഇടി- യുജിയിൽ വിഷയങ്ങൾ തിരഞ്ഞെടുക്കാം. പ്രവേശന പരീക്ഷയിൽ വിജയം നേടിയാൽ മാത്രം മതിയെന്നും യുജിസിയുടെ മാർഗരേഖയിൽ പറയുന്നു. ഇത്തവണ ഒരു വിദ്യാർഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയം പരമാവധി 5 മാത്രമാക്കും. സിയുഇടി ആരംഭിച്ച വർഷങ്ങളിൽ 10 വിഷയം വരെ തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നു.
കഴിഞ്ഞ വർഷം 33 ഭാഷകൾക്ക് പ്രത്യേകം പരീക്ഷയുണ്ടായിരുന്നത് 13 ആയി. ഡൊമെയ്ൻ വിഷയങ്ങൾ 29 ൽ നിന്ന് 23 ആയി. ഒൻട്രപ്രനർഷിപ്പ്, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, ഫാഷൻ സ്റ്റഡീസ്, ടൂറിസം, ലീഗൽ സ്റ്റഡീസ്, എൻജിനീയറിങ് ഗ്രാഫിക്സ് എന്നിവ ഒഴിവാക്കി.
ഓരോ വിഷയത്തിലെയും പരീക്ഷാ സമയം 60 മിനിറ്റായി നിജപ്പെടുത്തും. കഴിഞ്ഞ വർഷം 45-60 മിനിറ്റ് ആയിരുന്നു. ഇത്തവണ മുതൽ ഓപ്ഷനൽ ചോദ്യവുമില്ല. മുഴുവൻ ചോദ്യത്തിനും ഉത്തരം നൽകണം. സിയുഇടി – യുജി, പിജി പരീക്ഷയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് യുജിസി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.