‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം, 9 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം; താല്‍ക്കാലികമായി പിന്‍വാങ്ങി കര്‍ഷകര്‍

ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച് ശംഭു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതെതുടര്‍ന്നാണ് പിന്‍മാറ്റം. സംഘര്‍ഷത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയുടേയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടേയും യോഗത്തിന് ശേഷമായിരിക്കും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കുക.

പൊലീസിന്റെ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് പഞ്ചാബിലെ കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, എസ്‌കെഎം ഗ്രൂപ്പുകളില്‍ നിന്നുള്ള 101 കര്‍ഷകരാണ് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടത്. ഇതിനിടെയാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുകയും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയുമായിരുന്നു.

ശംഭു അതിര്‍ത്തിയിലും അംബാലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശംഭു അതിര്‍ത്തിയില്‍ നാളെ വരെ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശംഭു അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഇതില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. രണ്ട് ദിവസത്തിന് മുമ്പാണ് മാര്‍ച്ച് പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!