ശബരിമല : പമ്പയിൽ നിന്നും സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി നിരക്കിൽ ഭീമമായ വർദ്ധനവു വരുത്തുവാനുള്ള ദേവസ്വം ബോർഡിൻ്റെ നീക്കത്തിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ശക്തമായ പ്രതിഷേധം അറിയിച്ചു.
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഒരു ഡോളിക്കുള്ള ചാർജ് നിലവിൽ 3000 രൂപയും, ദേവസ്വം ബോർഡിനു നൽകേണ്ട ഡോളി ഫീസ് 250 രൂപയുമാണ്.
പമ്പയിൽ നിന്നും സന്നിധാനം വരെ ഒരു ഡോളി പോയി വരുന്നതിന് ഡോളിക്കാർക്ക് 6000 രൂപയും ദേവസ്വം ബോർഡിന് 500 രൂപയുമാണ് നൽകേണ്ടത്. ഇതിനു പുറമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്കു പോകുമ്പോഴും തിരിച്ചു വരുമ്പോഴും ഡോളിക്കാർക്ക് ചായക്കാശു കൂടി നൽകണം.
പുതിയ തീരുമാനപ്രകാരം ഒരു ഡോളിക്ക് ഒരു സൈഡിലേക്ക് 1000 രൂപയാണ് വർദ്ധിപ്പിക്കുന്നത്. രണ്ടു സൈഡിലേക്കും കൂടി പോയി വരുന്നതിന് 8000 രൂപയും ദേവസ്വം ഫീസ് 500 രൂപയും ചേർത്ത് 8500 രൂപയാവും. ഈ നീക്കത്തിൽ വീവിധ ഹിന്ദു സംഘടനകളും തീർത്ഥാടകർക്ക് സഹായങ്ങളൊരുക്കുന്ന അയ്യപ്പസംഘടനകളും ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
ഡോളിക്കാർക്കായി ചെളിക്കുഴി, പമ്പ, നീലിമല, നന്നിധാനം എന്നിവിടങ്ങളിൽ പ്രീ പെയ്ഡ് കൗണ്ടറുകൾ തുറക്കാനാണ് ദേവസ്വം ബോർഡിൻ്റെ ആലോചന.
ഇതു സംബന്ധിച്ചബോർഡിൻ്റെ അപേക്ഷ ഹൈക്കോടതി ദേവസ്വം ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനക്കായി സമർപ്പിച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിയുന്നത്.
അടുത്ത ദിവസം തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.
ഡോളി ഫീസ് വൻ തോതിൽ വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ദേവസ്വം ബോർഡ് പിൻ തിരിയണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെടുന്നത്.
ഡോളി സർവ്വീസ് അംഗപരിമിതർക്കും, രോഗികൾക്കും, പ്രായമേറിയവർക്കും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തണം.
പൈസയുള്ളവരൊക്കെ ഡോളിയിൽ കയറി പോവുന്ന പ്രവണതകൾ അവസാനിപ്പിക്കണം.
ഒരു ഡോളി സന്നിധാനം വരെ പോയി വരുന്നതിന് 4000 രൂപയിൽ കൂടുതൽ വാങ്ങാനേ പാടില്ല …. 4 പേർ ചേർന്ന് ഒരു ഡോളി ചുമന്നാൽ ഒരാൾക്ക് ഒരു ട്രിപ്പ് പോയി വരുമ്പോൾ 1000 രൂപ വീതം ലഭിക്കും, പ്രതിദിനം 2-ഉം 3- ഉം ട്രിപ്പുകൾ വരെ നടത്തുന്ന ഡോളിക്കാരുണ്ട്
ദേവസ്വം ബോർഡ് ഡോളിക്കാരിൽ നിന്നും ഫീസ് പിരിക്കുന്നത് നിർത്തലാക്കണം.
പണ്ട് കാലങ്ങളിൽ ഡോളി ദേവസ്വം ബോർഡു തന്നെയാണ് വാങ്ങി നൽകിയിരുന്നത്. ഓരോ വർഷവും സീസൺ തുടങ്ങും മുമ്പ് ഡോളികളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതും ബോർഡിൻ്റെ ഉത്തരവാദിത്വമായിരുന്നു. അന്ന് ഡോളികളുടെ വാടകയെന്ന ഇനത്തിലാണ് ദേവസ്വം ബോർഡ് ഫീസ് പിരിച്ചിരുന്നത്.
ഇന്ന് ദേവസ്വം ബോർഡ് ആർക്കും ഡോളി വാങ്ങിനൽകുന്നില്ല.. ഓരോ ഡോളിക്കാരും സ്വന്തം പണം കൊടുത്തു വാങ്ങിയ ഡോളി യാണ് സർവ്വീസിന് ഉപയോഗിക്കുന്നത്.
പിന്നെ എന്തിനാണ് ഓരോ ട്രിപ്പിനും 500 രൂപ വീതം ദേവസ്വം ബോർഡ് നോക്കു കൂലി വാങ്ങുന്നത്?
ഇത് പ്രായമായവർക്കും , അംഗപരിമിതർക്കും രോഗികൾക്കുമായുള്ള സൗജന്യ സർവ്വീസായി ദേവസ്വം ചെയ്യേണ്ടതല്ലേ?*
ഈ അധിക ഭാരമൊക്കെ താങ്ങേണ്ടത് അയ്യപ്പഭക്തർ തന്നെയല്ലേ?
അന്യായമായഡോളി ഫീസ് വർദ്ധനവിന് യാതൊരു വിധ ന്യായീകരണവുമില്ല, പെട്രോളിയം ഉൽപ്പന്നങ്ങളുടേയും, പച്ചക്കറിയുടേയും, അവശ്യ വസ്തുക്ക ളുടേയും വിലവർദ്ധനവുകൊണ്ടാണ് ഡോളി ഫീസ് കൂട്ടിയതെന്ന് ദേവസ്വം ബോർഡിന് പറയാൻ കഴിയുമോ? വിജി തമ്പി ചോദിച്ചു.
എല്ലാ ഹൈന്ദവസംഘടനകളും, ഭക്തജനങ്ങളും ദേവസ്വം ബോർഡിൻ്റെ ഈ തീരുമനത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയിലെ ഡോളി ചാർജിൽ ഭീമമായ വർദ്ധനയ്ക്ക് ദേവസ്വം ബോർഡ്; പ്രതിക്ഷേധവുമായി ഹിന്ദു സംഘടനകൾ
