മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധ നേടിയിരുന്ന മണ്ഡലം ആയിരുന്നു ബാരാമതി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 2 വിഭാഗങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടം എന്നതിലുപരി രണ്ടു കുടുംബങ്ങളുടെ വീറും വാശിയും ആയിരുന്നു ബാരാമതി മണ്ഡലത്തിൽ ഉണ്ടായിരുന്നത്. എൻസിപി ശരദ് പവാർ വിഭാഗം സ്ഥാനാർത്ഥിയായിരുന്നത് ശരദ് പവാറിന്റെ കൊച്ചുമകൻ യുഗേന്ദ്ര പവാർ ആയിരുന്നു. അദ്ദേഹം മത്സരിച്ചതാകട്ടെ സാക്ഷാൽ അജിത് പവാറിനോടും.
കൊച്ചുമകന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വിജയം ഉറപ്പിക്കുന്നതിനും ആയി സാക്ഷാൽ ശരദ് പവാർ തന്നെ കളത്തിൽ ഇറങ്ങിയിരുന്നു. എൻസിപിയുടെ വിഭജനത്തിന് കാരണക്കാരൻ ആയ സഹോദരപുത്രൻ അജിത് പവാറിനെ തോൽപ്പിക്കുക എന്നുള്ളത് മാത്രമായിരുന്നു വാർദ്ധക്യത്തിലും അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്റെ രാഷ്ട്രീയ വിരമിക്കൽ പോലും ശരദ് പവാർ പ്രഖ്യാപിച്ചു.
താൻ ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇല്ലെന്നും എൻസിപിയുടെ അടുത്ത അവകാശി തന്റെ കൊച്ചുമകൻ യുഗേന്ദ്ര ആണെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു. എൻസിപിയുടെ പുതിയ തലവനായാണ് മാധ്യമങ്ങൾ പോലും യുഗേന്ദ്രയെ വിശേഷിപ്പിച്ചത്. എന്നാൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ കടുത്ത നിരാശയാണ് എൻസിപി ശരദ് പവാർ വിഭാഗത്തിന് ഉണ്ടായിരിക്കുന്നത്.
അജിത് പവാർ വമ്പൻ വിജയമാണ് ബാരാമതിയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഈ നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. അതേസമയം ആകെ 80,000 വോട്ടുകൾ മാത്രമാണ് യുഗേന്ദ്ര നേടിയത്. മഹാരാഷ്ട്രയിൽ ആകെയും ശരദ് പവാർ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലുതവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശരദ് പവാറിന്റെ പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ ആകെ ലഭിച്ചിരിക്കുന്നത് 13 സീറ്റുകൾ മാത്രമാണ്.
