6 സിക്‌സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം

അഹമ്മദാബാദ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തീപ്പൊരി സെഞ്ച്വറി ബലത്തില്‍ കൂറ്റന്‍ ജയം ആഘോഷിച്ച് കര്‍ണാടക. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തമിഴ്‌നാടിനെ കര്‍ണാടക 145 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തമിഴ്‌നാടിന്റെ പോരാട്ടം 14.2 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു.

46 പന്തില്‍ 6 സിക്‌സും 10 ഫോറും സഹിതം ദേവ്ദത്ത് പടിക്കല്‍ 102 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. ബിആര്‍ ഭരത് നാല് വീതം സിക്‌സും ഫോറും സഹിതം 23 പന്തില്‍ 53 റണ്‍സെടുത്തു ടീമിനു മികച്ച തുടക്കം നല്‍കി. ദേവ്ദത്തിനൊപ്പം രവിചന്ദ്രന്‍ സ്മരന്‍ 29 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു.

ജയം തേടിയിറങ്ങിയ തമിഴ്‌നാടിനു പൊരുതാന്‍ പോലും സാധിച്ചില്ല. 29 റണ്‍സെടുത്ത തുഷാര്‍ രഹേജയാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. നരായണ്‍ ജഗദീശന്‍ 21 റണ്‍സെടുത്തു. മാറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.

കര്‍ണാടകയ്ക്കായി ശ്രേയസ് ഗോപാല്‍ 3 വിക്കറ്റെടുത്തു. പ്രവീണ്‍ ദുബെയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച നാല് വിക്കറ്റുകള്‍ ശുഭംഗ് ഹെഗ്‌ഡെയും വിജയ്കുമാര്‍ വൈശാഖും 2 വിക്കറ്റുകള്‍ വീഴ്ത്തി പങ്കിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!